
കൊച്ചി: ദത്തെടുക്കൽ ചട്ടം 2022 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) ഹൈക്കോടതിയെ അറിയിച്ചു. അഡോപ്ഷൻ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്നതടക്കമുള്ള നിർദേശങ്ങളാണ് കെൽസയ്ക്ക് വേണ്ടി വിമൻ റൈറ്റ്സ് സെന്റർ പ്രോജക്ട് കോഓർഡിനേറ്റർ എ പാർവതി മേനോൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
ദത്തെടുക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ ഈ നിർദേശങ്ങളും പരിഗണിക്കുമെന്ന് സിഎആർഎ ഡപ്യൂട്ടി ഡയറക്ടർ റിച്ച ഓജ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ദത്ത് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഹർജി പരിഗണിക്കുന്നത്.
- ദത്തെടുക്കൽ നടപടികളിലും ദത്ത് റദ്ദാക്കുന്ന സാഹചര്യത്തിലും കുട്ടികൾക്ക് സ്വന്തം അഭിപ്രായം അറിയിക്കാനുള്ള അവസരവും സ്വതന്ത്ര നിയമസഹായവും ഉറപ്പാക്കുക.
- ദത്ത് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കായി പ്രത്യേക അഡോപ്ഷൻ ഏജൻസി രൂപീകരിക്കുക.
- ദത്തെടുക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച ഹോം സ്റ്റഡി റിപ്പോർട്ട് കൂടുതൽ സമഗ്രമാക്കുക.
- ദത്തെടുക്കലിന് ശേഷവും കൗൺസലിങ്, വിദ്യാഭ്യാസ പിന്തുണ എന്നിവ ഉറപ്പാക്കുക.
- ദത്ത് റദ്ദാക്കപ്പെട്ടാലും കുട്ടിയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക.
- ദത്തെടുക്കുന്നതിന് മുൻപ് കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ് ഉൾപ്പെടെയുള്ള പിന്തുണ നൽകുക.
- ദത്ത് റദ്ദാക്കുന്നത് പരമാവധി ഒഴിവാക്കുന്നതിനായി കൗൺസലിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ അഡോപ്ഷൻ ഓംബുഡ്സ്മാൻ അല്ലെങ്കിൽ പ്രത്യേക റിവ്യൂ ബോർഡ് രൂപീകരിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam