ശര്‍ക്കരയിലെ മായം കലര്‍ത്തല്‍; നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

By Web TeamFirst Published Jan 21, 2019, 11:31 AM IST
Highlights

ശര്‍ക്കരയില്‍ മായം കലര്‍ത്തുന്നതായുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്.

കോഴിക്കോട്: ശര്‍ക്കരയില്‍ മായം കലര്‍ത്തുന്നതായുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. തുടര്‍ച്ചയായി കടകളില്‍ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ വ്യക്തികള്‍ നേരിട്ട് എത്തിക്കുന്ന മായം കലര്‍ന്ന ശര്‍ക്കരയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.

രാസവസ്തുവായ റോഡമിന്‍ ബി ശര്‍ക്കരയില്‍ ചേര്‍ക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനെ തുടര്‍ന്ന് 'ഓപറേഷന്‍ പനേല' എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നും മൈസൂരില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ശര്‍ക്കരകളിലാണ് വ്യാപകമായ മായം കണ്ടെത്തിയത്. പ്രത്യേക പരിശോധനയ്ക്ക് പുറമേ വകുപ്പിന്‍റെ സ്ഥിരം പരിശോധനകളില്‍ ഇനി ശര്‍ക്കരയുടേയും സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍.

അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ മായം കലര്‍ന്ന ശര്‍ക്കര വിതരണം ചെയ്യുന്നവരെ കണ്ടെത്താന്‍ ബുധിമുട്ടുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. തമിഴ്നാട്ടില്‍ നിന്ന് ലോറികളിലെത്തിക്കുന്ന ശര്‍ക്കര ഗ്രാമപ്രദേശങ്ങളിലെ കടകളില്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയാണുള്ളത്. കൃത്യമായ ഏജന്‍സികളില്ലാതെ വ്യക്തികളാണ് ഇത്തരം ശര്‍ക്കരകള്‍ വിതരണം ചെയ്യുന്നത്. അതിര്‍ത്തി പരിശോധനയിലൂടെ മാത്രമേ ഇതിന് തടയിടാനാകൂ എന്നിരിക്കെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

 

click me!