റമദാനിൽ മലപ്പുറത്ത് ഭക്ഷണം കിട്ടില്ലെന്ന കുപ്രചരണങ്ങളെ തള്ളിക്കൊണ്ട് ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. പകലും രാത്രിയും ജില്ലയിൽ ഭക്ഷണം സുലഭമാണെന്നും, രാത്രികാലങ്ങളിലെ 'നൈറ്റ് ഫുഡ് ജോയിന്‍റസ്' സവിശേഷതയാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
മലപ്പുറം: വിശുദ്ധ റമദാൻ മാസത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന തെറ്റായ ധാരണകൾക്കും കുപ്രചരണങ്ങൾക്കും മറുപടി നൽകിയുള്ള കുറിപ്പ് വൈറൽ. നോമ്പ് കാലത്ത് മലപ്പുറത്ത് എത്തിയാൽ ഭക്ഷണവും വെള്ളവും കിട്ടില്ലെന്നും അമുസ്ലീങ്ങൾ പോലും പീഡിപ്പിക്കപ്പെടുന്നുവെന്നുമുള്ള രീതിയിലുള്ള വ്യാജ പ്രചരണങ്ങളെ തള്ളിക്കളയുന്നതാണ് ഡോ. ഷിംന അസീസിന്‍റെ കുറിപ്പ്. മലപ്പുറത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും രാവും പകലും ഭക്ഷണം ലഭ്യമാണെന്ന് ഷിംന ഓർമ്മിപ്പിക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ പകൽ സമയത്ത് ഹോട്ടലുകളിൽ വിഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാം എന്നത് സ്വാഭാവികമാണ്. എന്നാൽ, എല്ലാ പ്രധാന കവലകളിലും തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, മെസ്സ് ഹോമുകൾ, ആശുപത്രി ക്യാന്‍റീനുകൾ എന്നിവയുണ്ട്. വലിയ സൂപ്പർ മാർക്കറ്റുകളും അത്യാധുനികമായ കോഫി ഷോപ്പുകളും ജില്ലയിലുടനീളം പ്രവർത്തിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ സജീവമായ 'നൈറ്റ് ഫുഡ് ജോയിന്‍റസ്' ജില്ലയുടെ സവിശേഷതയാണെന്നും ഷിംന കുറിച്ചു.
കുറിപ്പ് വായിക്കാം
റമദാൻ മാസമായാൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടാത്ത, അമുസ്ലിങ്ങളെ പോലും മലപ്പുറം കത്തി നീട്ടി നോമ്പെടുക്കാൻ ഭീഷണിപ്പെടുത്തുന്ന ഭീകരർ ഉള്ള മലപ്പുറം ജില്ലയിൽ നിന്നും ഒരു മഞ്ചേരിക്കാരി എഴുതുന്നത് എന്തെന്നാൽ,
നോമ്പുകാലത്ത് മലപ്പുറത്ത് എത്തിയാൽ സ്വിച്ചിട്ട പോലെ പോലെ ദാഹത്താൽ പീഡിതരും വിശപ്പിനാൽ പരവശരുമാകുന്ന പ്രിയപ്പെട്ടവരേ, ഇന്ന് സൂര്യൻ റ്റാറ്റ പറഞ്ഞ് പോയത് തൊട്ട് പരിശുദ്ധ റമദാൻ മാസം ആരംഭിച്ചിരിക്കുകയാണല്ലോ. നിങ്ങൾ ഭയന്ന് വിറച്ച് വടക്ക് കോഴിക്കോട് നിന്നോ, തെക്ക് തൃശൂർ/പാലക്കാട് നിന്നോ, കിഴക്ക് തമിഴ്നാട്ടിൽ നിന്നോ, എന്തെങ്കിലും കാരണവശാൽ കടലമായോട് മിണ്ടിപ്പറയാൻ ഉപ്പുവെള്ളത്തിലേക്ക് എടുത്ത് ചാടിയ വകയിൽ പടിഞ്ഞാറ് അറബിക്കടലിൽ നിന്നോ ഞങ്ങളുടെ മണ്ണിൽ കാല് കുത്തിയാൽ ഒട്ടും ബേജാറാവേണ്ടതില്ല. നിങ്ങൾക്ക് ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കിക്കോളാം.
ഞങ്ങളുടെ നഗരഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളം രാവും പകലും ഭക്ഷണം സുലഭമാണ്. മുസ്ലിം ഭൂരിപക്ഷപ്രദേശമായതിനാൽ പകല് നാലൂട്ടാനും ചോറും മീൻ പൊരിച്ചതും നാരങ്ങ വെള്ളവുമുണ്ടാക്കിയാൽ കഴിക്കാനാളില്ലാതെ ഹോട്ടലുകാരന്റെ കുടുംബം അധോഗതി ആകാൻ നാലീസം തികച്ച് വേണ്ടി വരില്ല. ഇതേ കാരണത്താൽ, പകൽ സമയത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ എണ്ണവും ലഭ്യമായ വിഭവവൈവിധ്യവും കുറയാറുണ്ട്. കുത്തിതിരിപ്പ് ടീം എപ്പോ വരുമെന്നോർത്ത് മുൻകൂട്ടി ഉണ്ടാക്കി വെച്ച് കാത്തിരിക്കാൻ പറ്റില്ലല്ലോ... ഭക്ഷണമല്ലേ, കേടായിപ്പോവും.
സാരമില്ല. ഞങ്ങളുടെ ജില്ലയുടെ എല്ലാ മുക്കിലും തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, മെസ്സ് ഹോമുകൾ, ആശുപത്രി കാന്റീനുകൾ എന്നിവയുണ്ട്. മഞ്ചേരി ടൗണിലൊക്കെ തലങ്ങും വിലങ്ങും വലിയ സൂപ്പർ മാർക്കറ്റുകൾ ഉണ്ട്, നിറച്ചും കഴിക്കാനുള്ള സാധനങ്ങളാണ്. ഇനി പോഷായിട്ട് വേണോ? കിടിലൻ കോഫി ഷോപ്പുകൾ ഉണ്ട്.
ഞങ്ങളുടെ നാടിന് നിങ്ങൾ കുശുമ്പ് കുത്തുന്നത് പോലെ മിഡിൽ ഈസ്റ്റ് കൾച്ചർ പ്രഭാവം നല്ലോണമുണ്ടേ. അതിസുന്ദരമായി അലങ്കരിച്ച നൈറ്റ് ഫുഡ് ജോയിന്റ്സ് ചെന്ന് എക്സ്പ്ലോർ ചെയ്യുക തന്നെ വേണം. എന്റെ പുത്രേഷ് നടക്കാൻ മടിയനും ഇൻട്രോവേർട്ടും ആയതിനാൽ ഇവിടെ ഞാനും പത്ത് വയസ്സുള്ള മോളുമാണ് രാത്രിനടത്തം ഏറെയിഷ്ടമുള്ള ആഘോഷകമ്മിറ്റി.
അൾട്രാ സേഫ് ആണ്, സ്ത്രീകൾക്ക് കൂടുതൽ ബഹുമാനവും സുരക്ഷയുമുള്ള നാട്.
ബിഹാറിലെ ഡെൻ്റിസ്‌റ്റിനെ കാണിച്ച് റിസ്‌കെടുക്കാൻ ധൈര്യമില്ലാതെ കാത്ത് വെച്ച വേദനക്കാരൻ പല്ലിൻ്റെ റൂട്ട് കനാൽ തുടങ്ങി വെച്ച് ഇന്ന് വൈകുന്നേരം ജ്യൂസ് കുടിക്കാൻ കേറിയപ്പഴും എത്ര വിലക്കിയിട്ടും എനിക്കും കുഞ്ഞിനും സൗകര്യമായിരിക്കാൻ കുഞ്ഞുമേശ വിട്ട് തന്ന് ഉയരമുള്ള മേശയിലേക്ക് മാറിയിരുന്നു രണ്ട് പുരുഷന്മാർ. ഞങ്ങളുടെ സമൂഹം ഇങ്ങനെയൊക്കെയാണ്. എല്ലായിടത്തേയും പോലെ വല്ലപ്പോഴും നാട്ടുകാരെ പറയിപ്പിക്കാൻ ഇടക്കും തലക്കും പൊങ്ങുന്ന കോഴികളെ ഡീൽ ചെയ്യാൻ ഞങ്ങൾക്ക് നന്നായറിയാം, പുറത്തൂന്ന് ആളുകളെ എടുക്കുന്നില്ല. അത് കൊണ്ട് ആ ചൊറി എട്ടായി മടക്കി കൈയിൽ തന്നെ വെച്ചോളൂ.
ഈ മാസം വൈകിട്ട് ഒരു നാലിനൊക്കെയാണ് 'ഭീകരർ നിറഞ്ഞ് തുളുമ്പുന്ന' മലപ്പുറം വഴി നിങ്ങൾ പാസ് ചെയ്യുന്നതെങ്കിൽ ഒരിത്തിരി നേരം വെയിറ്റ് ചെയ്‌താൽ ഹോട്ടലുകളിൽ നിന്നോ ഞങ്ങളുടെ അതിഥികളായി ഞങ്ങളുടെ വീടുകളിൽ നിന്നോ നോമ്പ് തുറക്കാം. നൈസ് പത്തിരിയും തേങ്ങ വറുത്തരച്ച ബീഫ് കറിയും, ബഹുരുചികളിൽ ചെറുകടികളും, ഉള്ളം കുളിർക്കുന്ന ജ്യൂസും തരിക്കഞ്ഞിയും പാൽവാഴക്കയും പല വിധ ഈന്തപ്പഴങ്ങളും. ഇനി ബീഫ് കഴിക്കൂല്ലെങ്കിൽ അതും സീനാക്കേണ്ട, ചിക്കനും കാടയും മട്ടനുമൊക്കെ അസ്സലായി വെച്ചുണ്ടാക്കാൻ ഞങ്ങൾക്കറിയാം. എന്ത് വേണമെന്ന് പറഞ്ഞാൽ മാത്രം മതി.
ദൂരെ മാറി നിന്ന് ആരോ പറഞ്ഞുണ്ടാക്കിയ ഇല്ലാക്കഥകൾ വെള്ളം തൊടാതെ വിഴുങ്ങേണ്ട. ഭക്ഷണവും സ്നേഹവും നിറയെ വിളമ്പുന്നവരാണ് ഞങ്ങൾ മലപ്പുറത്തുകാർ. ഏത് മുരടൻ സ്വഭാവമുള്ള ചങ്ങായി ആണേലും നിങ്ങൾക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞാൽ ഇവിടുന്ന് ആട്ടിയോടിക്കില്ല, ഏറ്റവും ചുരുങ്ങിയത് തൊട്ടടുത്തുള്ള ഭക്ഷണം കിട്ടുന്ന ഇടം പറഞ്ഞ് തരികയെങ്കിലും ചെയ്യും. വെള്ളം കിട്ടാതെ 'ദാഹിക്കുന്നു ഭഗിനി കൃപാരസ മോഹനം കുളിർ തണ്ണീരിതാശു' എന്നൊന്നും ചൊല്ലേണ്ടി വരൂല... ഞമ്മളെ മൽപ്രത്ത് വന്ന് നോമ്പ് തുറന്ന് പൊയ്ക്കോളീ...
എല്ലാർക്കും സ്വാഗതം. പ്രിയപ്പെട്ടവർക്കുമേൽ പുണ്യവർഷമായി പരിശുദ്ധറമദാൻ പരിമളമുതിർക്കട്ടെ...


