
കാബൂൾ: സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാൻ. കാബൂളിന്റെ ക്ഷമയെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി. താൽക്കാലികമായ വെടിനിർത്തൽ കരാർ നിലനിർത്താൻ ഇരുപക്ഷവും സമ്മതിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ ക്ഷമ വീണ്ടും പരീക്ഷിക്കപ്പെട്ടാൽ, ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഹഖാനി മുന്നറിയിപ്പ് നൽകി. സ്വന്തം പ്രദേശം സംരക്ഷിക്കുക എന്നത് നമ്മുടെ മുൻഗണനകളിൽ ഒന്നാണെന്നും ആരെങ്കിലും ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ലോകത്തിലെ ചക്രവർത്തിമാരോട് യുദ്ധം ചെയ്തിട്ടുണ്ടെന്നും സ്വന്തം പ്രദേശം സംരക്ഷിക്കുന്നത് നമുക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
തുർക്കിയിൽ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചിരുന്നു. ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചു. നവംബർ 6 ന് തുടർ യോഗം നടത്താനും തീരുമാനമായി.
അഫ്ഗാനിസ്ഥാന് ദീർഘദൂര മിസൈലുകളോ ഭാരമേറിയ ആയുധങ്ങളോ ഇല്ലായിരിക്കാം. പക്ഷേ ആക്രമണത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ ദൃഢനിശ്ചയമുണ്ടെന്നും പാകിസ്ഥാനെ പേരെടുത്ത് പറയാതെ ഹഖാനി പറഞ്ഞു. ചില രാജ്യങ്ങൾ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മറ്റുള്ളവരുടെ പരമാധികാരം ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, പാക്-അഫ്ഗാൻ അതിർത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നൂറുകണക്കിന് ട്രക്കുകളും അഭയാർത്ഥികളും ഇരുവശത്തും കുടുങ്ങിക്കിടക്കുന്നു. നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കാബൂൾ പ്രതിജ്ഞാബദ്ധമാണെന്നും പരസ്പര ബഹുമാനം, ഇടപെടാതിരിക്കൽ, ഒരു പക്ഷത്തിനും ഭീഷണിയാകാതിരിക്കൽ എന്നിവയിൽ അധിഷ്ഠിതമായ ബന്ധങ്ങൾ ആഗ്രഹിക്കുന്നുവെന്നും അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam