16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകി ആ അലമാര ഒടുവിൽ വീട്ടിലെത്തി

By Web TeamFirst Published Oct 23, 2021, 4:56 PM IST
Highlights

ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു ബാങ്ക് പാസ്ബുക്ക്. വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണന്റേതാണ് ഇതെന്നു മനസ്സിലായി...

ആലപ്പുഴ: മുണ്ടക്കയത്തുനിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നുമെല്ലാം നഷ്ടപ്പെട്ട പല സാധനങ്ങളും ഇപ്പോൾ കുട്ടനാട്ടിലാണ്. കോട്ടയത്തുനിന്ന് കുട്ടനാട്ടിലൂടെയാണു മണിമലയാർ ഒഴുകുന്നത്. കാർ മുതൽ വീടിന്റെ പ്രമാണം വരെ ഇപ്പോൾ മണിമലയാറ്റിലുണ്ട് എന്നതാണ് അവസ്ഥ. ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയതാണ് മണ്ണൂത്ര ഷാജിയും കൂട്ടുകാരും, ഒഴുകിവന്നത് തേക്കിന്റെ അലമാര.

ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി. ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു ബാങ്ക് പാസ്ബുക്ക്. വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണന്റേതാണ് ഇതെന്നു മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തി. 

കണ്ണന്റെ സഹോദരൻ സാബുവിനു 30 വർഷം മുൻപ് സമ്മാനമായി ലഭിച്ചതാണ് ഈ അലമാര. പ്രളയത്തിന്റെ ആറാം ദിവസം കണ്ണനും ഭാര്യ സെൽവിക്കും ആധാരം തിരികെക്കിട്ടി. മുണ്ടക്കയം കോസ്വേ പാലത്തിനു സമീപമാണ് ഇവരുടെ താമസം. ആലപ്പുഴ ചേന്നങ്കരി ആര്യഭവൻ ബേബിക്കാണ് ഇന്നലെ പുഴയിൽനിന്നു ബാഗ് ലഭിച്ചത്. 

നെടുമുടിയിൽനിന്ന് വേണാട്ട് ഭാഗത്തേക്കു വള്ളത്തിൽ പോകുന്നതിനിടെ ചേന്നങ്കരി പാലത്തിൽ ഉടക്കിയ നിലയിലാണു ബാഗ് കണ്ടതെന്നു ബേബി പറഞ്ഞു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷിന്റെ സഹായത്താൽ കണ്ണനു കൈമാറി. കറിക്കാട്ടൂർ കറിക്കാട്ടൂർ പാറക്കുഴി പി. കെ. ജോയി ഓട്ടോറിക്ഷ വർക്ഷോപ്പിൽ കൊടുത്തതാണ്. അവിടെനിന്ന് ഒഴുകിപ്പോയി. 

പുഴയൊഴുകിയ വഴിയിൽ അന്വേഷണം നടത്തുകയാണെന്ന് ജോയി പറഞ്ഞു. സാധനങ്ങൾ നഷ്ടപ്പെട്ട പലരും ഇതേ പ്രതീക്ഷയിലാണ്. അലമാരയുടെയും ബാഗിന്റെയും യാത്ര സൂചിപ്പിക്കുന്നത് മണിമലയാറിന്റെ സ്വഭാവമാറ്റമാണ്. പ്രളയത്തിൽ കലിതുള്ളിയ പുഴ വഴിയിൽ കണ്ടെതെല്ലാം വിഴുങ്ങി. 

click me!