
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷം ഈ വൃദ്ധ ദമ്പതികള്‍ എങ്ങനെയാണ് ജീവിച്ചതെന്ന് വിവരിക്കുക സാധ്യമല്ല. വളര്‍ത്തുമകള്‍ കൊല്ലപ്പെട്ടതിന്റെ കുറ്റം ഇവരുടെ തലയില്‍കെട്ടിവെച്ച പൊലീസ് ക്രൂരമര്‍ദനമാണ് ഇവര്‍ക്കെതിരെ നടത്തിയത്. അതിനുമപ്പുറം മകളെ കൊന്നവരെന്ന് ചീത്തപ്പേരോടുകൂടി നാട്ടില്‍ ജീവിക്കേണ്ടി വന്ന ദുരവസ്ഥ. സാമൂഹികമായ ഒറ്റപ്പെടുത്തലും മര്‍ദനത്തിന്റെ വേദനകളും പേറി ജീവിക്കാനുള്ള ആകെ പ്രചോദനം തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യവും പൊന്നോമനയായി വളര്‍ത്തിയ മകളുടെ കൊലപാതകിയെ ഒരിക്കല്‍ നിയമത്തിന് മുന്നില്‍ അകപ്പെടുമെന്നുള്ള വിശ്വാസവും മാത്രമായിരുന്നു. ആറ്റുനോറ്റ് വളര്‍ത്തിയ മകളെ കൊന്നു എന്ന ആരോപണത്തിന്റെ നിഴലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജീവിച്ച ആനന്ദന്‍ ചെട്ടിയാരും ഭാര്യ ഗീതയും സത്യം പുറത്ത് വന്നതിന്റെ ആശ്വാസത്തിലാണിപ്പോള്‍.
കോവളം പൊലീസിന്റെ (Kovalam Police) അനാസ്ഥയായിരുന്നു 14കാരിയുടെ മരണത്തില്‍ (Murder) കുട്ടിയുടെ മാതാപിതാക്കളെ പ്രതികളാക്കി ചിത്രീകരിച്ചത്. ഇപ്പോള്‍ ഒരു വര്‍ഷത്തിനിപ്പുറം യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായത് വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, എസ്.ഐ സമ്പത്ത് എന്നിവരുടെ ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം ശാന്തകുമാരി എന്ന വയോധിക കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ റഫീഖയും മകന്‍ ഷഫീഖുമാണ് 14കാരിയുടെ കൊലപാതകത്തിന് പിന്നിലെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
മകളെ കൊന്നത് തങ്ങളാണ് എന്ന് റഫീഖ എന്ന് റഫീഖ പലരോടും പറഞ്ഞിരുന്നു. അങ്ങനെയാണ് അന്വേഷണം വഴിതിരിച്ച് വിട്ടത്. കോവളം പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണില്‍ വളര്‍ത്തു മകളെ കൊന്നവരായി തങ്ങള്‍. എന്നെങ്കിലും സത്യം പുറത്ത് വരുമെന്ന് ഉറപ്പുണ്ടായിരുന്നു. മകളെ കൊന്നുവെന്ന് പറഞ്ഞ് സമൂഹം തള്ളി പറഞ്ഞപ്പോഴും ഞങ്ങള്‍ പിടിച്ചുനിന്നു. ഇതിന്റെ പേരില്‍ കോവളം പൊലീസിന്റെ പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. കോവളം പൊലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലുകള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ എല്ലാം ഏറ്റു. ഇന്ന് എല്ലാത്തിനും ഒരു അറുതി വന്നിരിക്കുന്നു. ഞങ്ങളുടെ നിരപരാധിത്തം സമൂഹത്തിന് മുന്നില്‍ തെളിഞ്ഞിരിക്കുന്നു. മകള്‍ എല്ലാം മുകളില്‍ നിന്ന് കാണുന്നുണ്ടാവും-. ഇത്രയും പറഞ്ഞ് ആനന്ദന്‍ ചെട്ടിയാരും ഭാര്യ ഗീതയും കരഞ്ഞു.
മക്കളില്ലാത്തതിനാല്‍ എടുത്ത് വളര്‍ത്തിയതാണ് ഗീതുവിനെ. പതിനാല് വയസ്സുവരെയും ഒരു കുറവും വരുത്താതെയാണ് ഞങ്ങള്‍ അവളെ വളര്‍ത്തിയത്. ഹോര്‍മോണ്‍ വൈകല്യത്തെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കൊതുക് കടിച്ച് കാലില്‍ മന്തിന്റെ പ്രശ്‌നവും ഉണ്ടായിരുന്നു. ഇതിന് ഉള്ള ചികിത്സ എല്ലാം തന്നെ ഞങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. ആ ഇടയ്ക്കാണ് റഫീഖ ഇവിടെ താമസത്തിന് വരുന്നത്. മകള്‍ അവരുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ അത് ഇത്രയും വലിയ ഒരു നഷ്ടം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ അറിഞ്ഞില്ല. അതിന് പിന്നിലെ അപകടത്തെ കുറിച്ച് ചിന്തിച്ചില്ല. ഇന്ന് വളരെ വിഷമതകള്‍ക്ക് ഇടയിലാണ് ഈ വിവരം അറിയുന്നത്. ശാരീരികമായി ഇപ്പോള്‍ വളരെ ബുദ്ധിമുട്ടിലാണ് ഇരുവരും. ക്യാന്‍സര്‍ ബാധിതയാണ് ഗീത. ഇവരെ കൂടാതെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. പലരും അതിന് ശേഷം മിണ്ടുന്നില്ല എന്നും ഗീത പറയുന്നു.
തങ്ങള്‍ക്ക് ലഭിച്ച ചെറിയ ഒരു സൂചനയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, എസ്.ഐ സമ്പത്ത് കൃഷ്ണന്‍, എ.എസ്.ഐ സാബു ചന്ദ്രന്‍ എന്നിവര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കോവളത്തെ കൊലപാതകം തങ്ങളാണ് ചെയ്തത് എന്ന് പ്രതികള്‍ സമ്മതിക്കുന്നത്. കോവളത്ത് 14 കാരിയുടെ കൊലപാതകത്തില്‍ മൊഴി രേഖപ്പെടുത്താന്‍ കോവളം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്ഥലം മാറി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് ഇപ്പൊള്‍ ജോലി ചെയ്യുന്നത്. വിഴിഞ്ഞം കൊലപാതകത്തില്‍ പിടികൂടി സ്റ്റേഷനില്‍ എത്തിച്ച റഫീഖ ബീവിയെ ഇവര്‍ തിരിച്ചറിയുകയും ഇത് എസ്.എയെ അറിയിക്കുകയും ചെയ്തിരുന്നു.
ഒരു വര്‍ഷം മുന്‍പ് വിശദമായി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തിരുന്നുയെങ്കില്‍ ഒരു പക്ഷെ അന്ന് തന്നെ ഇവര്‍ പിടിയിലാകുമയിരുന്നുവെന്നും ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു കൊലപാതകം നടക്കില്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.