
ആലപ്പുഴ: ജീവിതം ക്രൂരമായ ആഘാതം ഏൽപ്പിച്ചപ്പോഴും ഹൃദയ വിശാലത കൈവിടാതെ സ്നേഹത്തിന്റെ പുതിയൊരു അർത്ഥം ലോകത്തിന് മുന്നിൽ തുറന്നു കാട്ടുകയാണ് അരീക്കര സ്കൂളിലെ അധ്യാപികയും മുൻ വാർഡ് അംഗവുമായ താര ടീച്ചർ. മകന് പിന്നാലെ ഭർത്താവിനെയും നഷ്ടപ്പെട്ടപ്പോഴും മരുമകളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചിരിക്കുകയാണ് ഈ അമ്മ.
അരീക്കര സ്കൂളിലെ അധ്യാപികയും കാമ്പിശ്ശേരി വാർഡ് മുൻ അംഗവുമായ താര ടീച്ചറുടെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. അതിനിടെയാണ് ഏക മകൻ കണ്ണന്റെ അപ്രതീക്ഷിത വേർപാട് സംഭവിച്ചത്. പിന്നാലെ വെറും ആറു മാസത്തിനുള്ളിൽ ഭർത്താവ് പി കെ പ്രകാശും യാത്രയായി. അപ്രതീക്ഷിത ആഘാതങ്ങൾക്കിടയിലും സ്വന്തം കടമ താര ടീച്ചർ മറന്നില്ല. മകന്‍റെ വേർപാടിനു ശേഷം മരുമകളുടെ ജീവിതം അനിശ്ചിതത്വത്തിലാവരുതെന്നും സന്തോഷത്തോടെ തുടർന്നും ജീവിക്കാൻ അവൾക്ക് അവകാശമുണ്ടെന്നും ടീച്ചർ തിരിച്ചറിഞ്ഞു. തുടർന്ന് സ്വന്തം മകളെപ്പോലെ ചേർത്തു പിടിച്ച് മരുമകൾക്ക് മറ്റൊരു വിവാഹം ആലോചിച്ച് ഉറപ്പിച്ചു.
ദൈവപുരയ്ക്കൽ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. മരുമകളെ മറ്റൊരു കുടുംബത്തിലേക്ക് സന്തോഷത്തോടെ കൈപിടിപ്പിച്ചേൽപ്പിച്ചു താര ടീച്ചർ. ബന്ധങ്ങൾ ഹൃദയത്തിലൂടെയാണ് രൂപപ്പെടുന്നത് എന്ന് ഈ അമ്മ തെളിയിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam