
മലപ്പുറം: വാഹനാപകടമുണ്ടാക്കിയശേഷം പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനുമായി ആംബുലന്‍സില്‍ ആശുപത്രിയിലെത്തുകയും പിന്നീട് മുങ്ങുകയും ചെയ്ത പ്രതി എം ഡി എം എയുമായി പിടിയില്‍. കൊണ്ടോട്ടി പള്ളിക്കല്‍ കൊലന്‍ കണ്ടിയില്‍ സുബൈറിനെയാണ് (39) നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കെ.എന്‍.ജി റോഡില്‍ മമ്പാട് ബീബുങ്ങലിലായിരുന്നു അപകടം.
സുബൈര്‍ ഓടിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറിലും തുടര്‍ന്ന് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇതുവഴി വന്ന ആംബുലന്‍സില്‍ പരിക്കേറ്റയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുബൈറും ആംബുലന്‍സില്‍ കയറി പരിക്കേറ്റയാളോടൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു. അപകടത്തെത്തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍നിന്ന് 0.58 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. ഇതോടെ കാര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ശേഷം സുബൈര്‍ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തപ്പോഴും ഇയാളില്‍നിന്ന് എം.ഡി.എം.എ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലമ്പൂര്‍ എസ്.ഐ കെ.എം. അര്‍ഷിദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സി.പി.ഒ ചിന്തു പ്രശാന്ത്, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിലെ സാബിറലി, സജീഷ്, സജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam