
കോഴിക്കോട്: കവർച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെട്ട മോഷ്ടാവ് വാഹനാപകടത്തിൽപ്പെട്ടു. താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്റഫിന്റെ പലചരക്ക് കടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട മോഷ്ടാവ് കുന്ദമംഗലത്തിന് സമീപം അപകടത്തിൽപെട്ടു. ഇയാളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ ആശുപത്രിയിലാക്കിയവർ കടയുടമ അഷ്റഫിനെ വിളിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മോഷ്ടാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കടയുടമ അഷ്റഫ് പരാതി നല്‍കിയിട്ടുണ്ടെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
അതേസമയം, മൂവാറ്റുപുഴ പേഴക്കാപള്ളിയിൽ പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബാവയും കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. വാതിലുകൾ പൂട്ടി താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും താക്കോലെടുത്ത് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. രണ്ട് അലമാരയിലായി സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയിട്ടുള്ളത്. മോഷണത്തിന് ശേഷം താക്കോൽ യഥാസ്ഥാനത്ത് വച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടാപ്പകൽ ഇത്തരത്തിലുള്ള ഒരു മോഷണം നടന്നത് നാട്ടുകാരെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതിനിടെ വയനാട് കൽപ്പറ്റ നഗരത്തിലെ ബീവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്‍ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി വില കൂടിയ മദ്യക്കുപ്പികള്‍ സ്ഥിരമായി മോഷ്ടിക്കുന്ന പ്രതി ഇന്നലെ പിടിയിലായിരുന്നു. മുട്ടിൽ സ്വദേശി രാജേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഔട്ട്‍ലെറ്റിലെ ജീവനക്കാര്‍ കല്‍പ്പറ്റ പൊലീസിന് കൈമാറിയിരുന്നു.