
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.
ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.
Also Read: ഷിഗല്ല ; ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചിലത്...
ശ്രദ്ധിക്കേണ്ടത്...
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക.
പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.
വ രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക. കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam