മൂന്നാറിലെ തോട്ടം മേഖലയിലെ അടുക്കളത്തോട്ടങ്ങള്‍ സജീവമാക്കാന്‍ 'ജീവനം'

By Web TeamFirst Published May 13, 2020, 9:25 AM IST
Highlights

ഇത്തരം ഭൂമികളില്‍ ക്യഷി ഇറക്കുന്നതിന് വാര്‍ഡിന് 2000 തൈകളെന്ന വ്യവസ്ഥയില്‍ 21 വാര്‍ഡുകള്‍ക്ക് 42000 തൈകളാണ് മൂന്നാര്‍ ക്യഷിവകുപ്പ് വിതരണം നടത്തിയത്. 

ഇടുക്കി: തോട്ടംമേഖലയിലെ അടുക്കളത്തോട്ടങ്ങള്‍ സജീവമാക്കാന്‍ ജീവനം പദ്ധതിയുമായി ക്യഷിവകുപ്പ്. 42000 തൈകളാണ് ആദ്യഘട്ടമെന്ന നിലയില്‍ കര്‍ഷകര്‍ക്ക് വിതരണം നടത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് ക്ഷാമം നേരിടുന്ന കാര്‍ഷീക ഉല്പന്നങ്ങള്‍ ഓരോ വീടുകളിലും നട്ടുപിടിപ്പിക്കാന്‍ ജനങ്ങള്‍ തയ്യറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. തുടര്‍ന്ന് തോട്ടംമേഖലയില്‍ വെറുതെ കിടന്ന ഭൂമികള്‍ വെട്ടിതെളിച്ച് തൊഴിലാളികള്‍ കാര്‍ഷീക വിളകള്‍ ഉല്പാദിപ്പിക്കുന്നതിന് പാകമാക്കി. 

ഇത്തരം ഭൂമികളില്‍ ക്യഷി ഇറക്കുന്നതിന് വാര്‍ഡിന് 2000 തൈകളെന്ന വ്യവസ്ഥയില്‍ 21 വാര്‍ഡുകള്‍ക്ക് 42000 തൈകളാണ് മൂന്നാര്‍ ക്യഷിവകുപ്പ് വിതരണം നടത്തിയത്. കാബേജ്, ഉരുളകിഴങ്ങ്, മുളക്, ചീര തുടങ്ങിയ തൈകളാണ് ക്യഷി ഓഫീസര്‍ ഗ്രീഷ്മയുടെ നേത്യത്വത്തില്‍ നല്‍കിയത്. സംസ്ഥാനത്തിന് ആവശ്യമായ കാര്‍ഷീക ഉല്പന്നങ്ങളുടെ കലവറയെന്നറിയപ്പെടുന്ന വട്ടവടയ്ക്ക് സമാനമായാണ് എസ്റ്റേറ്റ് മേഖലയിലെ അടുക്കളതോട്ടങ്ങളില്‍ തൊഴിലാളികള്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍. 

ഏക്കറുകണക്കിന് ഭൂമികളില്‍ രണ്ടുമാസത്തിനിടെ ടണ്‍ കണക്കിന് പച്ചക്കറിയാണ് മൂന്നാറിലെ ഹോട്ടികോര്‍പ്പില്‍ എത്തിച്ചുനല്‍കിയത്. വട്ടവടയിലെ കടവരിയില്‍ നിന്നടക്കം വനംവകുപ്പിന്റെ സഹകരണത്തോടെ പച്ചറികള്‍ മൂന്നാറിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. ഹൈഡല്‍ ടൂറിസം വകുപ്പിന്റെ ഗുണ്ടള ജലാശയത്തിന് സമീപത്തും മൂന്നാര്‍ ഹൈല്‍ പാര്‍ക്കിലും പച്ചക്കറി ഉല്പാദനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. 

ഹൈഡല്‍ ടൂറിസം ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാനേജര്‍ ജോയല്‍ , മകേഷ് എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ ക്യഷി വിജയകരമായതോടെയാണ് കൂടുതല്‍ ഭാഗത്തേക്ക് ക്യഷി വ്യാപിപ്പിക്കാന്‍ വകുപ്പ് പദ്ധതി തയ്യറാക്കിയത്. ഹൈറേഞ്ച് മേഖല സംസ്ഥാനത്തിന്റെ പച്ചറികലവറയാകുന്നതോടെ കാര്‍ഷീക വിളകളുടെ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. മൂന്നാര്‍ പഞ്ചായത്ത് അസി. സെക്രട്ടറി അജയ് കുമാര്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, സി പി ഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ എന്നിവര്‍ പങ്കെടുത്തു.

click me!