അടൂരില്‍ എ ഐ ക്യാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്ത് ടിപ്പര്‍ ലോറി

By Web TeamFirst Published May 26, 2023, 11:22 AM IST
Highlights

കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ്‌ ഒടിഞ്ഞത്. ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു

അടൂര്‍: അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ്‌ ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. ക്യാമറക്കും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ്‌ ഒടിഞ്ഞത്. ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു

അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. അതേസമയം എഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത മാസം 5 ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് വിദഗ്ധ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം ചേർന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവർത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഗതാഗതത കമ്മീഷണറും- കെൽട്രോണും തമ്മിലുള്ള ധാരണാപത്രം പ്രകാരം ക്യാമറകള്‍ പ്രവർത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി മൂന്നുപേര്‍ യാത്ര ചെയ്താൽ തത്കാലം പിഴയീടാക്കേണ്ടെന്നാണ്  നിലവിലുള്ള തീരുമാനം. 12 വയസ് വരെയുള്ള ഒരു കുട്ടിക്കാണ് താല്‍ക്കാലികമായ ഇളവുള്ളത്.

കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്ന പൊതുവികാരം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരയച്ച കത്തിൽ തീരുമാനമാകുന്നത് വരെ കുട്ടികളുമൊത്തുള്ള ട്രിപ്പിൾ യാത്രയ്ക്ക് പിഴ ഈടാക്കില്ലെന്നും മന്ത്രി വിശദമാക്കിയിട്ടുണ്ട്. 

എഐ ക്യാമറ നിരീക്ഷണം: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

click me!