അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ മദപ്പാടിലുള്ള മഞ്ഞക്കൊമ്പൻ എന്ന കാട്ടാന വീണ്ടും ഭീതി സൃഷ്ടിക്കുന്നു. വിനോദസഞ്ചാരികളുടെ കാർ തടഞ്ഞ ആനയ്ക്ക് മുൻപ് മനുഷ്യരെ കൊലപ്പെടുത്തിയ ചരിത്രമുള്ളതിനാൽ, ഈ പാതയിൽ യാത്ര ചെയ്യുന്നവർക്ക് വനംവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശ്ശൂർ: അതിരപ്പിള്ളിയിലെ വനപാതയിൽ ഭീതിവിതച്ച് വീണ്ടും കാട്ടാനയിറങ്ങി. മലക്കപ്പാറ റോഡിൽ പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനുമിടയിലുള്ള ചൂഴിമേടിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് മഞ്ഞകൊമ്പൻ സഞ്ചാരികളുടെ കാർ തടഞ്ഞത്. ആനയെ കണ്ട് ഭയന്ന യാത്രക്കാർ വാഹനം പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
ആന ഇപ്പോൾ മദപ്പാടിലാണെന്നും അതുകൊണ്ട് തന്നെ സ്വഭാവത്തിൽ വൻ മാറ്റമുണ്ടാകുമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി മദപ്പാട് സമയത്ത് വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ഈ കൊമ്പനെ കാണാറുള്ളത്. വെറുമൊരു കാട്ടാനയല്ല മഞ്ഞകൊമ്പൻ. വർഷങ്ങൾക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും, അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് ഒരു കുട്ടിയെയും കൊലപ്പെടുത്തിയത് ഇതേ കൊമ്പനായിരുന്നു. അന്നും മദപ്പാട് കാലത്തായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്.
റോഡിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് മഞ്ഞകൊമ്പന്റെ പതിവ് വിനോദമാണ്. മദപ്പാട് കഴിഞ്ഞാൽ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലേക്കാണ് ഈ കൊമ്പൻ മടങ്ങാറുള്ളത്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വനപാതയിലൂടെ രാത്രികാല യാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കണ്ടാൽ ഹോൺ അടിക്കാനോ പ്രകോപിപ്പിക്കാനോ പാടില്ല. മദപ്പാടിലുള്ള ആനയായതിനാൽ പ്രവചനാതീതമായ നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


