
തിരുവനന്തപുരം: പരിചിതമല്ലാത്ത നമ്പറിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുള്ള വ്യാജ ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങൾ നടന്നാൽ വിവരം ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ പൊലീസ് ഹെൽപ് ലൈൻ നമ്പറായ 1930 ൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. പരിചയമില്ലാത്ത വീഡിയോ കോളുകൾ ഒഴിവാക്കാനും, പരിചയം ഉളളവർ ആണെങ്കിൽ ഫോണിൽ വിളിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിക്കുന്നു.
അതേസമയം, കോഴിക്കോട്ട് നിർമ്മിതബുദ്ധി (എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ നഷ്ടപ്പെട്ട പണം സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചു പിടിച്ച വാർത്ത പുറത്തുവന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിലാണ് പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചത്. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.
കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബായിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
Read more: 'തിപ്പിലിശ്ശേരിയിലെ ഭൂമിക്കടയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം'; കാരണം കണ്ടെത്തി!
ആദ്യം 40000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയും യഥാർത്ഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 ൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും (40000) കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം ബാങ്കുകളുടെ സഹായത്തോടെ തട്ടിപ്പുകാരിൽനിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam