അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി അജയ്

By Web TeamFirst Published Mar 6, 2019, 1:30 PM IST
Highlights

ചേരാനെല്ലൂര്‍ നടുവിലപ്പറമ്പിൽ ജോണിയുടെ മകൻ അജയ് ജോണി (19)യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേർക്കായി ദാനം ചെയ്തത്.  
 

കൊച്ചി: റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി. ചേരാനെല്ലൂര്‍ നടുവിലപ്പറമ്പിൽ ജോണിയുടെ മകൻ അജയ് ജോണി (19)യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേർക്കായി ദാനം ചെയ്തത്.

ശനിയാഴ്ച വരാപ്പുഴ പാലത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ് ജോണിയെ ചേരാനെല്ലൂരിലെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ മകന്‍റെ ഓര്‍മ നിലനിര്‍ത്താനാകും എന്ന പ്രതീക്ഷയിലാണ് അജയിയുടെ മാതാപിതാക്കളെന്നും ബന്ധുവായ റിച്ചു ജോര്‍ജ് പറഞ്ഞു. 

അജയിയുടെ കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ തന്നെ ഒരു രോഗിക്കാണ് നല്‍കിയത്. പാന്‍ക്രിയാസും ഒരു വൃക്കയും അമൃത ആശുപത്രിയിലും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കി. ആസ്റ്റര്‍ മെഡിസിറ്റി മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റ് സര്‍ജനും കണ്‍സള്‍ട്ടന്‍റുമായ ഡോ. മാത്യു ജേക്കബിന്‍റെ നേതൃത്വത്തിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. ഹെപറ്റോപാന്‍ക്രിയാറ്റോ ബൈലിയറി ആന്‍ഡ് ഗാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. നൗഷിഫ് എം, അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. നിഷ എ, സ്‌പെഷ്യലിസ്റ്റ് ഡോ. നിധിന്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. 

കേരള സര്‍ക്കാരിന്‍റെ അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയിലൂടെയാണ് സ്വീകര്‍ത്താക്കളെ തെരഞ്ഞെടുത്തത്. കൂലിപ്പണിക്കാരനായ ജോണിയുടെയും ഷെര്‍ളിയുടെയും ഏക മകനാണ് അജയ്. വെൽഡിംഗ് ജോലിക്കാരനായ അജയിയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. 

click me!