
കണ്ണൂർ: ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ വിൽപ്പനയ്ക്ക് വച്ച് പരസ്യം. ഫേസ്ബുക്കിലെ കാർ വിൽപ്പന ഗ്രൂപ്പിലാണ് വാഹനം വിൽപ്പനയ്ക്കെന്ന് അറിയിപ്പ് വന്നത്. ആകാശ് തില്ലങ്കേരി ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്‍റെ ഫേസ്ബുക്ക് പേജിൽ നിന്നും കാർ വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 2012 രജിസ്ട്രേഷനിലുള്ള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ പേരിലല്ല വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം ഇന്നലെ അറസ്റ്റിലായ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും കണ്ണൂർ സെൻട്രൽ ജയിലിലാണ്. പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും ഇവിടെ എത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് കാപ്പ ചുമത്തിയത്. ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.
ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നാണ് സൂചന. നേരത്തെ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് പ്രദേശത്ത് സി പി എം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സി പി എമ്മിന്റെ തോളിൽ ഇല്ലെന്ന് ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കുകയും ചെയ്തു. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെ തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സി പി എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam