
പൂവാര്‍: ആറുവര്‍ഷമായി പ്രണയത്തിലായിരുന്ന രാഖിയെ കൊലപ്പെടുത്താന്‍ കൃത്യമായ ആസൂത്രണമാണ് മുഖ്യപ്രതിയായ അഖില്‍ നടത്തിയത്. ദിവസങ്ങൾ നീണ്ട ആസൂത്രണമാണ് കൃത്യത്തിന് വേണ്ടി നടന്നതെന്നാണ് കേസില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആദര്‍ശിന്‍റെ മൊഴി. പ്രണയത്തിൽ നിന്നും പിൻമാറാൻ രാഖി തയാറായില്ലെങ്കിൽ കൊല്ലാൻ തന്നെ തീരുമാനിച്ചാണ് അഖില്‍ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
കഴിഞ്ഞമാസം 21 ന് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന പേരിലായിരുന്നു രാഖിയെ വിളിച്ചുവരുത്തിയത്. തൃപ്പരപ്പുള്ള ഒരു സൂഹൃത്തിന്‍റെ കാറിലാണ് നെയ്യാറ്റിൻകരയിൽ നിന്നും രാഖിയേയും കൂട്ടി അഖില്‍ വീട്ടിലെത്തിയത്. തന്നെ വിവാഹം ചെയ്യണമെന്ന് രാഖി നിര്‍ബന്ധം പിടിക്കുകയും അഖിലുമായി തര്‍ക്കമാവുകയും ചെയ്തു. ഇതോടെ കാറിന്‍റെ പിന്‍സീറ്റില്‍ ഇരുന്ന രാഹുല്‍ രാഖിയുടെ കഴുത്ത് ഞെരിച്ചു. രാഖിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്‍റെ ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തി അഖില്‍ ശബ്ദമുണ്ടാക്കി.
രാഖിയുടെ മരണം ഉറപ്പിച്ച ശേഷമാണ് അഖില്‍ ആക്സിലറേറ്ററില്‍ നിന്ന് കാല്‍ എടുത്തത്. രാത്രിയായതോടെ രാഖിയുടെ മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ മാറ്റിയ ശേഷം മുന്‍കൂട്ടി തയ്യാറാക്കിയ കുഴിയില്‍ കുഴിച്ചിടുകയായിരുന്നെന്നും ആദര്‍ശ് പൊലീസിന് മൊഴി നല്‍കി. അഖിലിന്‍റെ പുതിയതായി പണിയുന്ന വീട്ടുവളപ്പിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹത്തില്‍ ഉപ്പ് വിതറിയ ശേഷമായിരുന്നു കുഴിച്ചിട്ടത്.
പിന്നീട് വസ്ത്രങ്ങള്‍ വീട്ടുവളപ്പിലിട്ട് കത്തിച്ചുകളയുകയും ചെയ്തു. ഇതിനെല്ലാം താന്‍ സഹായിച്ചുവെന്നും ആദര്‍ശ് മൊഴിയില്‍ വ്യക്തമാക്കി. അഖില്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായിരുന്നു രാഖിയെ പ്രകോപിപ്പിച്ചത്. ആ വിവാഹം നടക്കാന്‍ അനുവദിക്കില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പൊലീസില്‍ പരാതിപ്പെടുമെന്നും രാഖി പറഞ്ഞിരുന്നു.
തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാജന്‍റെ മകൾ രാഖിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ അമ്പൂരി തട്ടാംമുക്ക് സ്വദേശിയും സൈനികനുമായി അഖില്‍ നായര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളും സഹോദരൻ രാഹുലും ഒളിവിലാണ്. മൊബൈൽ ഫോണിൽ വന്ന മിസ്‌ഡ് കോളിൽ നിന്നാണ് അഖിലും രാഖിയും സൗഹൃദത്തിലാവുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam