
ആലപ്പുഴ: മുല്ലയ്ക്കല്‍ ചിറപ്പിനും കിടങ്ങാം പറമ്പ് ഉത്സവത്തിനുമൊപ്പം ക്രിസ്തുമസ് തിരക്ക് കൂടിയായപ്പോള്‍ ആലപ്പുഴ നഗരം ആഘോഷതിമിര്‍പ്പില്‍. ക്രിസ്തുമസ് അവധിക്കായി സ്‌കൂളുകളും കോളജുകളും അടച്ചതോടെ നഗരത്തില്‍ ഇന്നലെ മുതൽ നല്ല തിരക്കാണ്. ചിറപ്പ് ആസ്വദിക്കുവാനും സാധനങ്ങള്‍ വാങ്ങിക്കുന്നതിനും രാവിലെ മുതല്‍ തന്നെ കോളജ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്.
ഉച്ചകഴിയുമ്പോഴേയ്ക്കും തിരക്കിന്റെ കാര്യം പറയുകയേ വേണ്ട. വൈകുന്നേരമാകുന്നതോടെ കുടുംബ സമേതമാണ് ആളുകള്‍ ചിറപ്പിനെത്തുന്നത്. വഴിവാണിഭക്കാരെകൊണ്ട് നിരത്തുകള്‍ അപ്രത്യക്ഷമായ പ്രതീതിയാണുള്ളത്. കമ്മലും മാലയും ഉള്‍പ്പടെ ആഭരണങ്ങളും കളിക്കോപ്പുകളും വാങ്ങാനെത്തിയവരുടെ കൂട്ടമായി മാറിയിരിക്കുകയാണ് നിരത്തുകള്‍.
കൈകള്‍ മൈലാഞ്ചി ഇടുന്നതിന് വിദേശികള്‍ ഉള്‍പ്പടെഎത്തുന്നുണ്ട്. ഉത്തരേന്ത്യക്കാരാണ് മൈലാഞ്ചി വ്യാപാരത്തിന് എത്തിയിട്ടുള്ളത്. അറുപതില്‍പരം മോഡലുകളുമായാണ് ഇത്തവണ ഇവര്‍ മൈലാഞ്ചി അഴകിനെത്തിയിട്ടുള്ളത്. 30 രൂപ മുതലാണ് മൈലാഞ്ചി ഇടുന്നതിത് ചാര്‍ജ്ജ്. കുട്ടികളെ ആകര്‍ഷിക്കുന്നതിന് വ്യത്യസ്ഥതരം കളിപ്പാട്ടങ്ങളും ബലൂണുകളും വിപണിയിലുണ്ട്.
തുണിയില്‍ നിര്‍മ്മിച്ച പാവകള്‍, ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന പാവകള്‍, ഏറു പൊട്ടാസ്, മുളയിലയിലും ഇലകളിലും തീര്‍ത്ത പൂച്ചെടികള്‍, ബാഗുകള്‍, ചെരുപ്പുകള്‍, കീച്ചെയിനുകള്‍ എന്നിവ നഗരത്തിലെ നിരത്തുകള്‍ കീഴടക്കിയിട്ടുണ്ട്. പൊരിക്കടകളും കുലുക്കി സര്‍ബത്തും കരിമ്പും എന്നത്തേയും പോലെ തന്നെ വിപണന മേളകളില്‍ സജീവമാണ്. വിവിധതരം ബജികള്‍ ആവശ്യക്കാരുടെ കണ്‍മുന്‍പില്‍ തന്നെ പാകപ്പെടുത്തി നല്‍കുന്ന കടകളുമുണ്ട്.
ഫാന്റസി സാധനങ്ങള്‍, പ്ലാസ്റ്റിക് പൂക്കള്‍, കളിപ്പാട്ടങ്ങള്‍, പച്ചകുത്തല്‍ സംഘം, മാലകള്‍, കമ്മലുകള്‍, ഭരണികള്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങി സകലതും നിരത്തില്‍ ഇടംപിടിച്ചു തുടങ്ങി. 30 രൂപയുടെ കമ്മലുകളാണ് ട്രെന്‍ഡ്. പല മോഡലുകളിലുള്ള ജിമിക്കികള്‍ ഇത്തവണ താരങ്ങളാണ്. 20 രൂപയുടെ തടിയില്‍ തീര്‍ത്ത വളകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam