
ആലപ്പുഴ: ജില്ലാ കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് വേദിയിൽ കളക്ടർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഭിന്നശേഷിക്കാരിയായ ജോളി തോമസ് എത്തിയിരുന്നു. 30 വയസ്സുള്ള ജോളിക്കും 70 വയസുകാരിയായ അമ്മയ്ക്കും ജീവിക്കാനൊരു മാർഗം വേണം എന്നതായിരുന്നു ആവശ്യം. ജോളിയുടെ പിതാവ് 22 വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ആരുടെ മുന്നിലും കൈ നീട്ടരുതെന്ന ഉറച്ചതീരുമാനത്തിലാണിവർ ജീവിക്കുന്നത്. തന്നാലാവുന്ന തൊഴിൽ ചെയ്യാമെന്നുള്ള ആത്മവിശ്വാസവും ജോളിക്കുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭിന്നശേഷിക്കരുടെ സംഘടന വഴി ഇവർക്ക് കോഫി വെന്റിംഗ് മെഷീൻ അനുവദിച്ചെങ്കിലും മെഷീൻ ഇതുവരെ ലഭിച്ചിട്ടില്ല. കച്ചവടം നടത്താൻ പറ്റിയ സ്ഥലം കിട്ടാത്തതാണ് ഇതിന് കാരണം. ഏതെങ്കിലും സർക്കാർ ഓഫീസിന് മുന്നിൽ കോഫി വെന്റിംഗ് മെഷീൻ സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായാണ് ജോളി തോമസ് കളക്ടറുടെ മുന്നിലെത്തിയത്. പരാതി പരിഗണിച്ച കളക്ടർ വി ആർ കൃഷ്ണ തേജ ജോളി ഇരുന്ന ഓട്ടോറിക്ഷയുടെ സമീപമെത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടനാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ കോഫി വെന്റിംഗ് മെഷീൻ സ്ഥാപിക്കാനുള്ള അനുവാദം നൽകുകയും അതിനുള്ള സൗകര്യങ്ങളൊരുക്കി നൽകാൻ കുട്ടനാട് തഹസിൽദാർ എസ് അൻവറിനോട് നിർദ്ദേശിക്കുകയും ചെയ്തു.
എം എസ് ഓഫീസും ഫോട്ടോഷോപ്പുമടക്കം കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജോളിക്ക് ടാലി പഠിക്കാനും കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുക്കാനായി യൂട്യൂബ് ചാനൽ ആരംഭിക്കണമെന്നും ആഗ്രഹവുമുണ്ട്. ഇതിനാവശ്യമായ സഹായം നൽകാമെന്നും കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. ക്രാഫ്റ്റ് വർക്, മെഴുകുതിരി നിർമാണം, സോപ്പ് നിർമാണം, മ്യുറൽ പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയ കലകളും ജോളി തോമസ് പഠിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾക്ക് കളക്ടർ പരിഹാരം കണ്ടെത്തിയ സന്തോഷത്തിലാണ് അദാലത്ത് വേദിയിൽ നിന്നും ജോളിയും അമ്മയും മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam