
ഇടുക്കി: ശബരിമല സീസണിൽ ഇടുക്കിയിൽ അയ്യപ്പ ഭക്തരെത്തുന്ന സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ല കളക്ടർ നിർദ്ദേശം നൽകി. കൊട്ടാരക്കര ഡിണ്ഡുക്കൽ ദേശീയ പാതയിൽ പ്രളയത്തിൽ തകർന്ന എല്ലാ സ്ഥലങ്ങളും സീസണു മുമ്പ് പണി പൂർത്തിയാക്കാൻ കഴിയില്ലെന്ന് ദേശീയപാത വിഭാഗം അറിയിച്ചു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയപ്പ ഭക്തർ ഏറ്റവും കൂടുതലെത്തുന്ന കുമളി, കമ്പംമെട്ട്, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിലൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പണികൾ പുരോഗമിക്കുകയാണ്. കുമളിയിൽ പാർക്കിംഗിന് ആവശ്യമായ സ്ഥലം ഇതുവരെ ഒരുക്കിയിട്ടില്ല. സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്തിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വിരിപ്പന്തലിന് ഹോളിഡേ ഹോമിനു സമീപമുള്ള വനഭൂമി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം 27 ഇടങ്ങളിൽ അപകട സാധ്യതയേറെയെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ 13 സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതുണ്ട്. ആറെണ്ണം തീർത്ഥാടന കാലം തുടങ്ങുന്നതിനു മുമ്പ് പൂർത്തിയാക്കും.
രണ്ടു വർഷത്തിനു ശേഷം തുറക്കുന്ന സത്രം - പുല്ലുമേട് - സന്നിധാനം കാനന പാതയിൽ വിവിധ വകുപ്പുകളുടെ സാന്നിധ്യമുണ്ടാകും. കൊവിഡിനു ശേഷമുള്ള തീർത്ഥാടനകാലമായതിനാൽ ആരോഗ്യ വകുപ്പും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മൂന്നു ആംബുലൻസുകൾ അധികമായി ക്രമീകരിക്കും. ഹോമിയോ, ആയൂർവേദ സംഘങ്ങളുടെ സേവനവും ഉറപ്പാക്കും. കടകളിൽ വിലവിരപ്പട്ടിക പ്രദർശിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലീഗൽ മെട്രോളജി വകുപ്പിനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.