ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവം; കൃത്രിമക്കാലിലും നടനവേദികളില്‍ മോഹിനിയായി ദേവിക

By Web TeamFirst Published Dec 1, 2022, 8:40 AM IST
Highlights

അപകടത്തില്‍ ദേവികയ്ക്ക് അമ്മയെ നഷ്ടമായി. അമ്മൂമ്മയുടെ കയ്യിലിരുന്ന ഒന്നര വയസ്സുകാരി വേദികയ്ക്ക് കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വന്നു. 

ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ കൃത്രിമക്കാലുമായി വേദിയില്‍ നിറഞ്ഞാടിയ ദേവിക ദീപക് മോഹിനിയാട്ടത്തില്‍ മിന്നും താരമായി. യു പി വിഭാഗം മോഹിനിയാട്ടത്തില്‍ കായംകുളം സെന്‍റ് മേരീസ് ജി എച്ച് എസ് എസിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ദേവികയാണ് പരിമിതികള്‍ അവഗണിച്ച് മത്സരത്തില്‍ മാറ്റുരച്ചത്. ഉപജില്ലാ കലോത്സവത്തില്‍ ഓണ്‍ലൈനില്‍ ഒന്നാമത് എത്തിയെങ്കിലും റവന്യൂ കലോത്സവത്തില്‍ മത്സരിക്കാനെത്തിയപ്പോള്‍ രണ്ടാം സ്ഥാനമാണെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് മത്സരിച്ചത്. പരിമിതികളെ മറികടന്ന് വേദിയില്‍ നിന്ന് എ ഗ്രേഡും സ്വന്തമാക്കിയാണ് ദേവിക മടങ്ങുന്നത്. 

2011 സെപ്തംബര്‍ 29 ന് അമ്മ ദിവ്യയും അമ്മൂമ്മയോടൊപ്പം സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു, അപകടത്തില്‍ ദേവികയ്ക്ക് അമ്മയെ നഷ്ടമായി. അമ്മൂമ്മയുടെ കയ്യിലിരുന്ന ഒന്നര വയസ്സുകാരി വേദികയ്ക്ക് കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍, ന‍ൃത്തം ഏറെ ഇഷ്ടപ്പെട്ടിരുന്ന ദേവിക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ.ഭാസ്‌ക്കറുടെ നിര്‍ദ്ദേശപ്രകാരം  നൃത്തയിനങ്ങള്‍ പരിശീലിച്ചു തുടങ്ങി. കരുനാഗപ്പള്ളി മഹാദേവ സ്‌ക്കൂള്‍ ഓഫ് ഡാന്‍സിലെ അനന്തന്‍ തമ്പിയാണ് ഗുരു. കൃത്രിമ കാലില്‍ വേദന കടിച്ചമര്‍ത്തിയുള്ള പരിശീലനങ്ങള്‍ക്ക് ഒടുവില്‍ ജില്ലാ തല മത്സരത്തില്‍ എ ഗ്രേഡും സ്വന്തമാക്കിയാണ് ദേവികയുടെ മടക്കം. മോഹിനിയാട്ടത്തോടൊപ്പം ദേവിക ഭരതനാട്യവും പരിശീലിക്കുന്നുണ്ട്. അമ്മൂമ്മ സരസ്വതിയമ്മയ്‌ക്കൊപ്പമാണ് മത്സരവേദികളിലേക്ക് ദേവിക എത്താറ്. ഓച്ചിറ പായിക്കുഴി ശ്രീവിശാഖ് ദീപക് ചന്ദ്രന്‍, പരേതയായ ദിവ്യ ദമ്പതികളുടെ ഏകമകളാണ് ദേവിക.
 

click me!