
അമ്പലപ്പുഴ: തെരുവു നായകളുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കഞ്ഞിപ്പാടം കളപ്പുരക്കൽ അശോക് കുമാറിന്‍റെ ഭാര്യ വിദ്യയുടെ 3 ആടുകളാണ് ചത്തത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ഈ മേഖലയില്‍ തെരുവ് നായ്ക്കളുടെ വലിയ ശല്യമാണ് നേരിടുന്നത്. രാത്രി നായ്ക്കളുടെ ബഹളവും കേട്ടിരുന്നു. രാവിലെയാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. ഒരാടിനെ പകുതി തിന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഗർഭിണിയായ ഒരാടിനെയും മറ്റൊരു മുട്ടനാടിനെയുമാണ് കൊന്നത്. ഏകദേശം അറുപതിനായിരം രൂപയുടെ നഷ്ടമാണ് വീട്ടുകാര്‍ക്കുണ്ടായതെന്നാണ് കണക്ക്.
കഴിഞ്ഞദിവസം മലപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക മലപ്പുറം സ്വദേശി റിസ്വാന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ് റിസ്വാനുള്ളത്.
തലയ്ക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റ റിസ്വാന് പ്ലാസ്റ്റിക് സർജറിയും ചെയ്തിട്ടുണ്ട്. റിസ്വാന് പ്രത്യേക പരിചരണം വേണമെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഡോക്ടർമാരുടെ സംഘത്തെ ഇതിനായി നിയോഗിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇമ്യൂണോ ഗ്ലോബുലിൻ ഉൾപ്പെടെയുളള വാക്സിനേഷനുകളുടെ ആദ്യഘട്ടം ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന റിസ്വാനെ തെരുവനായ്ക്കൾ ആക്രമിക്കുകയായിരുന്നു. തെരുവുനായ ശല്യത്തിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പിതാവ് റഷീദ് പറയുന്നത്.
ആലപ്പുഴ തുറവൂരിലെ വളമംഗലം, കാവിൽ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.തുറവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അയ്യങ്കാളി ജംഗ്ഷന് കിഴക്കോട്ട് കിടക്കുന്ന മൂലേപ്പറമ്പ് വരെയുള്ള റോഡിലും പഴംപള്ളിക്കാവ് ഭാഗങ്ങളിലുമായി വെള്ളനിറത്തിലുള്ള നായ യാത്രക്കാരെയും പരിസരവാസികളെയും ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കാൻ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. പട്ടികളെ എന്തെങ്കിലും ചെയ്താൽ പൊലീസ് കേസ് ഭയന്ന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാരുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam