
ചേർത്തല: ആലപ്പുഴയിൽ നിന്നു രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കേസിൽ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭർത്താവ് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43 വയസ്) ആണ് തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നും എക്സൈസ് പിടികൂടിയത്. തായ്‌ലന്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിൽ ആയത്. അതേസമയം പ്രതികളുടെ മൊഴിയിലുള്ള സിനിമാ നടൻമാരെ ചോദ്യം ചെയ്യുന്നത് വൈകും.
ആലപ്പുഴയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതിൽ നിർണായക നീക്കമാണ് എക്‌സൈസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈമാസം ഒന്നാം തീയ്യതിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. കേസിൽ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താൻ, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റു ചെയ്തു. തുടരന്വേഷണത്തിലാണ് തസ്ലിമയുടെ ഭർത്താവ് സുൽത്താനെ തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നും പിടികൂടിയത്. എക്സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു. മലേഷ്യയിൽ നിന്നും സുൽത്താനാണ് മുന്തിയ ഇനം ലഹരി വസ്തുക്കൾ എത്തിച്ചതെന്നാണ് നിഗമനം.
ഇത് സാധൂകരിക്കുന്ന തെളിവുകൾ സുൽത്താന്‍റെ പാസ്പോർട്ട് പരിശോധിച്ചതിൽ നിന്നും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. മൊബൈൽ കടകൾക്ക് സെക്കൻ ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാൾ ഇതിന്റെ ഭാഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും ഇവയുടെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. കൂടുതൽ ചോദ്യം ചെയ്യാനായി സുൽത്താനെ ഉടൻ ആലപ്പുഴയിൽ എത്തിക്കും. സുൽത്താന് ലഹരി ക്കടത്ത്മായി കൂടുതൽ ബന്ധങ്ങൾ ഉണ്ടോ അതോ തസ്ലിമ ഇയാളെ ഉപയോഗിക്കുക ആയിരുന്നോ എന്നാണ് എക്സൈസ് പരിഷോധിക്കുന്നത്.
അതേ സമയം കേസില്‍ തസ്ലിമയുടെ സഹോദരിയെയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ വാടകയ്ക്ക് എടുത്തു നൽകിയ യുവതിയെയും എക്സൈസ് ചോദ്യം ചെയ്തു. എന്നാൽ ഇവർക്ക് ലഹരി വിൽപനയിൽ നേരിട്ട് ബന്ധമില്ലെന്നാണ് നിഗമനം. മാത്രവുമല്ല തസ്ലീമയുടെ മൊഴിയിൽ ഉള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുന്നതും വൈകും. മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിച്ചിരുന്നു.
Read More : വീടിനുള്ളിൽ ലൈറ്റ്, ദുർഗന്ധം, സംശയം തോന്നി നാട്ടുകാർ പൊലീസിനെ വിളിച്ചു; അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam