
ആലപ്പുഴ: ദേശീയ പാതയിൽ ആലപ്പുഴ കരുവാറ്റയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ പുന്തോപ്പ് സ്വദേശി 80 കാരിയായ സരസ്വതിയമ്മ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന 2 പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഏഴെ മുക്കാലോടെ കരുവാറ്റ കന്നുകാലി പാലത്തിന് സമീപമായിരുന്നു അപകടം.
എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് ഇൻസുലേറ്റഡ് ലോറിയിലും ഇടിച്ചു. ബസിലുണ്ടായിരുന്ന ഏതാനും പേർക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ആഴ്ചയിൽ ഇവിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു.