
ചാരുംമൂട്: താമരക്കുളം ഗ്രാമം ഇന്ന് ഉണര്‍ന്നത് ഭിന്നശേഷിക്കാരായ മക്കളും അമ്മയും കിടപ്പുമുറിയിൽ കത്തി കരിഞ്ഞ നിലയിൽ മരിച്ചെന്ന വാർത്തകേട്ട്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കൾ കലമോൾ (33), മീനുമോൾ (32)എന്നിവർ മരിച്ച ദുരന്ത വാർത്ത നാട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. മക്കളെയും അമ്മയേയും കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമാണ് പറയാനുള്ളത്. ചൊവ്വാഴ്ച രാവിലെ 8.30 നോടെ പ്രസന്നയുടെ സഹോദരി സുജാത തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടയി ആഹാരവുമായി ഈ വീട്ടിലെത്തിയത്.
ജനൽ ചില്ലകൾ പൊട്ടിയതും ഭിത്തിയിൽ കരിപുരണ്ടതും കണ്ട സുജാത വാതിൽ തുറന്നു നോക്കിയപ്പോഴാണ് മൂവരേയും കത്തിക്കരിഞ്ഞ നിലയിൽ കിടപ്പുമുറിയിൽ കണ്ടത്. രണ്ടു പേരെ രണ്ടു കട്ടിലിലും ഒരാളെ തറയിലും കത്തി കരിഞ്ഞ നിലയിലാണ് കണ്ടത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും പൂർണമായും കത്തിയ നിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകർന്ന നിലയിലാണ്. തുടർന്ന് നാട്ടുകാരെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും. സംഭവം നടക്കുമ്പോൾ വെരിക്കോസ് വെയിൻ ചികിത്സയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലായിരുന്നു ശശിധരൻ പിള്ള. പ്രസന്നയ്ക്ക് തൊഴിലുറപ്പിലൂടെയും പശുവളർത്തിലൂടെയും കിട്ടുന്ന വരുമാനവുമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം.
രണ്ടു മക്കളേയും അടുത്തുള്ള ബഡ്സ് സ്കൂളിൽ ചേർത്തിരുന്നു. സംഭവം അറിഞ്ഞ് വീട്ടിലെത്തി ഇനി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്ന ശശിധരൻ പിള്ളയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന വേവലാതിയിലായിരുന്നു നാട്ടുകാർ. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. പച്ചക്കാട് സ്വദേശിയായ യുവാവ് സിനിമ കഴിഞ്ഞ് രാത്രി 12 മണിയോടെ സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
സംഭവം അറിഞ്ഞ് പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥ്ഥലത്തെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ രണ്ട് മണിയോടെ മോർച്ചറിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എസ് പി ട്രയിനി ടി ഫ്രാഷ്, ഡി വൈ എസ് പി ഡോ. വി ആർ ജോസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സാബു, സി ഐ, വി ആർ ജഗദീഷ്, എസ് ഐ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി.
ആദ്യമെത്തിയത് പ്രസന്നയുടെ ചേച്ചി
അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞ് കിടന്ന വീട്ടിലേക്ക് ആദ്യമെത്തിയത് മരണപ്പെട്ട പ്രസന്നകുമാരിയുടെ ചേച്ചി സുജാതയായിരുന്നു. തൊട്ടടുത്തായി തന്നെയാണ് സുജാത താമസിക്കുന്നത്. ഭിന്ന ശേഷിക്കാരായ മക്കൾ കലമോൾക്കും, മീനുമോൾക്കും മിക്കദിവസവും രാവിലെ കാപ്പിയുമായി സുജാത എത്താറുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സുജാത വന്നത്. വീടിന്റെ സിറ്റൗട്ടിനോട് ചേർന്നുള്ള കിടപ്പുമുറിയുടെ ജനാല കത്തിക്കരിഞ്ഞ് ചില്ലുകൾ പൊട്ടി കിടക്കുന്നതും പുക ഉയരുന്നതും കണ്ടതോടെ ജനലിലൂടെ നേക്കുമ്പോളാണ് ഇരുണ്ട വെളിച്ചത്തിൽ മൃതദേഹങ്ങൾ കാണുന്നത്.
വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ശോഭാസജിയും അയൽവാസികളും മറ്റും സ്ഥലത്തി. പ്രധാന വാതിലിന്റെ മുന്നിലുള്ള ഗ്രില്ലിന്റെ കൊളുത്ത് ഇട്ടിരുന്നെങ്കിലും വാതിലിലെ കുറ്റിയിട്ടിരുന്നില്ല. വാതിലിൽ തള്ളിയതോടെ തുറക്കുകയും ചെയ്തു. കിടപ്പുമുറിയിൽ രണ്ടു പേർ കട്ടിലിലും ഒരാൾ താഴെയുമായി മരിച്ചു കിടക്കുന്നത് കണ്ടത്.
തലേ ദിവസം വൈകിട്ടും സുജാത ഇവിടെയെത്തി അനുജത്തിയെയും മക്കളെയും കണ്ടിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് സുജാത പറഞ്ഞു. ഭിന്നശേഷിക്കാരായ രണ്ടു പെൺ മക്കളെയും വളർത്താൻ പ്രസന്ന ഏറെ ബുദ്ധിമുട്ടിയിരുന്നു. വേരിക്കോസി ബാധിതനായ ഭർത്താവ് ശശിധരൻ പിള്ള ഒരു മാസമായി കരുനാഗപള്ളിയിലെ ആശുപത്രിയിലാണ്. മക്കളുടെ കാര്യങ്ങൾക്കൊപ്പം ഭർത്താവിനെ പരിചരിക്കാനും പ്രസന്നകുമാരി ഓട്ടത്തിലായിരുന്നുവെന്നും സുജാത പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam