
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. ചെയർമാൻ സ്ഥാനം ഇല്ലിക്കൽ കുഞ്ഞുമോന് നൽകിയാൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുമെന്നാണ് മുൻ ചെയർമാൻ തോമസ് ജോസഫിനെ അനുകൂലിക്കുന്ന കൗൺസിലർമാരുടെ നിലപാട്. തോമസ് ജോസഫിനെ രാജിവെപ്പിച്ച തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പത്ത് കൗൺസിലർമാർ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം രാജിവെച്ചിരുന്നു. തർക്കം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
പുതിയ ചെയർമാനായി കോൺഗ്രസ് നേതൃത്വം തീരുമാനിച്ച ഇല്ലിക്കൽ കുഞ്ഞുമോനെ പിന്തുണയ്ക്കുന്നതാണ് കൗൺസിലർമാരുടെ അവകാശവാദം. എന്നാൽ ഈ നിലപാട് തള്ളുകയാണ് മുൻ ചെയർമാൻ തോമസ് ജോസഫിനെ അനുകൂലിക്കുന്നവർ. കൗൺസിലർ സ്ഥാനം രാജിവെയ്ക്കുമെന്ന സമ്മർദ്ദം ഇവർ തുടരുകയാണ്.
തോമസ് ജോസഫ് നൽകിയ രാജി നഗരസഭാ സെക്രട്ടറി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി കിട്ടിയാൽ വൈകാതെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. 52 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 25 ഉും എൽഡിഎഫിന് പിഡിപി പിന്തുണയോടെ 21 പേരുമാണ് ഉള്ളത്.
നാല് പേർ ബിജെപിയും രണ്ടു പേർ സ്വതന്ത്രൻമാരുമാണ്. കോൺഗ്രസിലെ പത്ത് പേർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയോ രാജിവയ്ക്കുകയോ ചെയ്താൽ യുഡിഎഫിന് ഭരണം നഷ്ടമാകും. ഡിസിസി നടത്തിയ അനുനയനീക്കങ്ങൾ ഫലംകാണാതെ വന്നതോടെ പ്രശ്നം പരിഹരിക്കാൻ കെപിസിസി നേതൃത്വം ഇടപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam