നഗരസഭ ചെയര്‍മാനാക്കിയില്ല; കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് രാജിവെച്ചു

By Web TeamFirst Published Mar 6, 2019, 7:37 PM IST
Highlights

യുഡിഎഫിലെ മുൻധാരണ പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ മൂന്ന് വർഷം തോമസ് ജോസഫിനും ശേഷിക്കുന്ന രണ്ട് വർഷം ഇല്ലിക്കൽ കുഞ്ഞുമോനും നൽകാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതുവരെ തോമസ് ജോസഫിനെ മാറ്റിയിട്ടില്ല

ആലപ്പുഴ: മുൻധാരണ പ്രകാരം ചെയർമാൻ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ആലപ്പുഴ നഗരസഭ പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനം ഇല്ലിക്കൽ കുഞ്ഞുമോൻ രാജിവെച്ചു. കോൺഗ്രസ് ആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനവും കുഞ്ഞുമോന്‍ രാജിവെച്ചിട്ടുണ്ട്.

ഡിസിസി പ്രസിഡന്‍റിനാണ് രാജി നൽകിയത്. യുഡിഎഫിലെ മുൻധാരണ പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ മൂന്ന് വർഷം തോമസ് ജോസഫിനും ശേഷിക്കുന്ന രണ്ട് വർഷം ഇല്ലിക്കൽ കുഞ്ഞുമോനും നൽകാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതുവരെ തോമസ് ജോസഫിനെ മാറ്റിയിട്ടില്ല.

ചേർത്തലയിലെയും ചെങ്ങന്നൂരിലെയും നഗരസഭാ ചെയർമാൻമാരെ മാറ്റുകയും ചെയ്തു. ജില്ലാ കോടതി വാർഡിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് ഡിസിസി പ്രസിഡന്‍റും കെ സിവേണുഗോപാൽ എംപിയും ഉറപ്പ് നൽകിയിരുന്നുവെന്ന് കുഞ്ഞുമോന്‍ പറയുന്നു.

ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് രാജി. കുഞ്ഞുമോന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗത്ത് ബ്ലോക്കിലെ കോൺഗ്രസ് ഭാരവാഹികളും രാജിനന്നദ്ധത നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പാർട്ടിക്കുള്ളിലുണ്ടായ ചേരിതിരിവ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

click me!