
അമ്പലപ്പുഴ : കർഷക സമരത്തിന്റെ മുന്നണി പോരാളിയും കർഷക തൊഴിലാളികളുടെ മുഖ്യ സംഘാടകനുമായിരുന്ന ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിംഗിന് കണ്ണീരോടെ വിട നൽകി ആലപ്പുഴ. ആലപ്പുഴ ബീച്ചിൽ നടന്ന എ ഐ ടി യു സി ദേശിയ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരികെ മുറിയിലേക്ക് മടങ്ങവേ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ റെയിൽവേ റെയിൽവേ ക്രോസിന് അടുത്ത് വെച്ച് ട്രെയിൻ തട്ടിയായിരുന്നു സന്തോഖ് സിംഗ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു . രാവിലെ മൃതദേഹം വിമാന മാർഗം പഞ്ചാബിലെ വസതിയിലെത്തിക്കും . സന്തോഖ് സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാനായി നേതാക്കൾ ഉൾപ്പടെ ഒട്ടേറെ പേരാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നത് . എ ഐ ടി യു സി ദേശിയ സമ്മേളനത്തിന്റെ കമ്മീഷൻ ചർച്ചകളിലുൾപ്പടെ സജീവമായി പങ്കെടുത്ത സന്തോഖ് സിംഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സരസമായ പെരുമാറ്റവും ആരെയും ആകർഷിക്കുന്ന ഇടപെടലും അദ്ദേഹത്തെ പ്രതിനിധികൾക്കിടയിൽ ഇഷ്ട സഖാവാക്കി.
ദേശിയ സമ്മേളനത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത് . എ ഐ ടി യു സി ദേശിയ വർക്കിംഗ് കമ്മറ്റി അംഗം അമർജിത്ത് സിംഗ് മൃതദേഹം ഏറ്റുവാങ്ങി . എ ഐ ടി യു സി ദേശിയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ , സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ബി കെ എം യു സംസ്ഥന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , നേതാക്കളായ പി വി സത്യനേശൻ, വി മോഹൻദാസ്, ആർ പ്രസാദ്, ഡി പി മധു, ആർ അനിൽ കുമാർ, ആർ സുരേഷ്, ഇ കെ ജയൻ, വി സി മധു, പി കെ ബൈജൂ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി .
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam