തീരസുരക്ഷയില്ല: 200 വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍

By Web TeamFirst Published Jul 14, 2019, 12:24 AM IST
Highlights

കാലവര്‍ഷം ശക്തമാകാത്തതിനാല്‍ തീവ്രമായ കടലാക്രമണം ഉണ്ടായിട്ടില്ല. കടല്‍ക്ഷോഭം ശക്തമായാല്‍ നിരവധി വീടുകളായിരിക്കും തകരുക

അമ്പലപ്പുഴ: തീരദേശവാസികളുടെ വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നു. പുറക്കാട് പഞ്ചായത്തില്‍ തോട്ടപ്പള്ളി ഒറ്റപ്പന, ആനന്ദേശ്വരം, പുന്തല പ്രദേശങ്ങളിലെ 200 ലധികം വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. 15 വര്‍ഷം മുന്‍പാണ് തീര സംരക്ഷണത്തിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിച്ചത്. ശാസ്ത്രീയമായ രീതിയിലല്ല ഇവിടെ കടല്‍ഭിത്തി നിര്‍മാണം നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുറേ കരിങ്കല്ലുകള്‍ അടുക്കിവെച്ചതല്ലാതെ ശാസ്ത്രീയമായി തീരസംരക്ഷണം നടപ്പാക്കാതെ വന്നതോടെ കരിങ്കല്ലുകള്‍ ഇടിഞ്ഞു. ഇപ്പോള്‍ നിലവിലുള്ള കടല്‍ഭിത്തിക്കു മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്.

കാലവര്‍ഷം ശക്തമാകാത്തതിനാല്‍ തീവ്രമായ കടലാക്രമണം ഉണ്ടായിട്ടില്ല. കടല്‍ക്ഷോഭം ശക്തമായാല്‍ നിരവധി വീടുകളായിരിക്കും തകരുക. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച വീടുകളില്‍ ഇപ്പോഴും കടല്‍ വെള്ളം ഇരച്ചു കയറി ഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ഇത് വീടുകളുടെ ബലക്ഷയത്തിനും കാരണമായിട്ടുണ്ട്. കാലാകാലങ്ങളില്‍ കടല്‍ഭിത്തിക്ക് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തീരവാസികള്‍ ആശങ്കയിലാണ്. 

ഇപ്പോള്‍ കടല്‍ഭിത്തിക്ക് ഉയരം കുറഞ്ഞതിനാല്‍ തിരമാല കടല്‍ഭിത്തിക്ക് മുകളിലൂടെ ആഞ്ഞടിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ദേശീയ പാതയും കടലും തമ്മില്‍ 40 മീറ്റര്‍ അകലം പോലുമില്ല. കടലാക്രമണം ഇനിയും ശക്തമായാല്‍ ദേശീയ പാതയില്‍ ഗതാഗത സ്തംഭനത്തിനും ഇത് കാരണമാകും. ഇത് കണക്കിലെടുത്ത് കാലവര്‍ഷം ശക്തമാകുന്നതിനു മുന്‍പ് ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് തീരദേശ വാസികളുടെ ആവശ്യം.

click me!