
ഇടുക്കി: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിന്‍റെ മുഖഛായ മാറ്റാൻ പരിഷ്കാരങ്ങൾ യഥാർഥ്യമാക്കുകയാണ് മൂന്നാർ പൊലീസ്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് മൂന്നാറിൽ പരിഷ്കാരങ്ങൾ യാഥാർഥ്യമാക്കുന്നത്. അര കിലോമീറ്റർ പോലും ദൈർഘ്യമില്ലാത്ത മൂന്നാർ ടൗണിന്‍റെ വിസ്തീർണ്ണവും ദൈർഘ്യവും പഴയ മൂന്നാർ വരെ നീട്ടുകയാണ് വകുപ്പുകൾ. ഇതോടെ വാഹനങ്ങളുടെ തിരക്കുകൊണ്ട് വീർപ്പുമുട്ടുന്ന മൂന്നാറിന്‍റെ അവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഗതാഗതക്കുരുക്കിന്‍റെ കാര്യത്തിൽ പല കോണുകളിൽ നിന്നും നിരവധി ആരോപണങ്ങൾ നേരിടുകയും അത് വകുപ്പുകൾതന്നെ ചീത്തപ്പേര് വരുത്തുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ടൗണിന്‍റെ ദൈർഘ്യം കൂടുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ അപ്പാടെ നടപ്പാക്കാൻതന്നെയാണ് പൊലീസ് വകുപ്പിന്‍റെ തീരുമാനം.
പഴയ മൂന്നാറിലാണ് പഞ്ചായത്ത് വാഹനങ്ങൾ പാർക്കിംഗ് സംവിധാനങ്ങൾ സജീകരിച്ചിരിക്കുന്നത്. പ്രൈവറ്റ് ബസുകൾ നിർത്തുന്നതിനും സന്ദർശകരുടെ പാർക്ക് ചെയ്യുന്നതിനും രണ്ട് പാർക്കിംഗ് സംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടങ്ങളിൽ വാഹനങ്ങൾ കയറ്റാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. ഇത്തരം മേഖലങ്ങൾ വികസിപ്പിച്ച് ടൗണിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പൊലീസ് അധികൃതർ ശ്രമിക്കുന്നത്. ഇതിനായി പഞ്ചായത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ടൊയ്ലെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ യാത്രക്കാരെ പഴയ മൂന്നാറിൽ എത്തിക്കാൻ കഴിയും. സന്ദർശകരുടെ സുരക്ഷ മുൻനിർത്തി മേഖലയിൽ പിങ്ക് പൊലീസ്, ട്രാഫിക്ക്, ഷാഡോ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പത്ത് പേരടങ്ങുന്ന ഷാഡോ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുക. അനധികൃത വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് മോട്ടോർ വകുപ്പും സജീവമായി രംഗത്തുണ്ട്. ടൗണിലെ അനധികൃത പെട്ടിക്കടകൾ മാറ്റിത്തുടങ്ങി. ഓണക്കാലത്ത് മൂന്നാർ സന്ദർശിക്കുവാൻ എത്തുന്ന സഞ്ചാരികൾക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam