
ചേർത്തല: ആലപ്പുഴയിൽ നവജാത ശിശുവിനെ തോട്ടിലെറിഞ്ഞ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള പെൺ നവജാത ശിശുവിനെയാണ് പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ തുടരുന്നു. കുഞ്ഞ് ഇൻക്യുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്. അമ്മ പ്രത്യേക നിരീക്ഷണത്തിലാണ്. കൗൺസലിങ്ങ് ഉൾപ്പെടെ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമ്മയ്ക്കതിരെ വധശ്രമത്തിനും ജുവനൈൽ ആക്ട് പ്രകാരവുമാണ് കേസ് എടുത്തതെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു. അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കിടപ്പു മുറിയിൽ നിന്നും കുഞ്ഞിനെ വീടിനു സമീപത്തെ തോടിൽ ഇടുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന ഭർതൃ സഹോദരനാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായാണ് വിവരം. ഏഴാം മാസം പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനാല്‍ രണ്ടു വയസുള്ള മൂത്തകുട്ടിയെ മാറ്റി താമസിപ്പിച്ചതിനാല്‍ അമ്മയ്ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. ഇതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായതെന്നാണ് അമ്മ അർത്തുങ്കൽ പൊലീസിന് മൊഴി നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam