
പാലക്കാട്: പട്ടിക ജാതി കോളനിയുൾപ്പെടെയുളള പ്രദേശത്തേക്ക് എം പി അനുവദിച്ച വഴിവിളക്ക് സ്ഥാപിക്കാൻ പഞ്ചായത്ത് തടസം നിൽക്കുന്നതായി പരാതി. പാലക്കാട് വന്യമൃഗ ശല്യം രൂക്ഷമായ വടക്കഞ്ചേരിയിലെ ചവുട്ടുപാടം ചക്കുണ്ടിലെ നാൽപ്പതിലധികം കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സ്ട്രീറ്റ് ലൈറ്റ് എന്നത്. പഞ്ചായത്ത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാൽ വികസനത്തിൽ രാഷ്ട്രീയമില്ലെന്നും വഴിവിളക്ക് വരുമെന്നുമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് വിശദീകരിക്കുന്നത്. ആലത്തൂർ എം പി രമ്യ ഹരിദാസ് ആണ് പ്രദേശത്തേക്ക് ഹൈമാസ് ലൈറ്റ് അനുവദിച്ചത്. ഇത് എത്രയും വേഗം എത്താൻ വേണ്ടി ഒരു നാടാകെ സമരത്തിലേക്ക് നീങ്ങുകയാണ്. രാത്രിയിൽ റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് സമാധാനമായി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
പന്നിയടക്കം കാട്ടു മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലമാണ് ചവുട്ടുപാടം ചക്കുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്കൂട്ടറില്‍ വരവേ പന്നി കുറകെ ചാടിയുള്ള അപകടം ഉണ്ടായിരുന്നു. ഇത് കാരണം അപകടം പറ്റിയ വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാൻ പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഈ കൂരിരുട്ടില്‍ കിടന്ന് നട്ടം തിരിയുകയല്ലാതെ വര്‍ഷങ്ങളായി ഈ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്തെ പോസ്റ്റുകളില്‍ എൽഇഡി ഉണ്ടെന്ന് പറഞ്ഞാണ് പഞ്ചായത്ത് വഴിവിളക്ക് വരുന്നത് തടസപ്പെടുത്തുന്നത്. എന്നാല്‍, ഒരു പോസ്റ്റില്‍ പോലും ഒരു ബള്‍ബ് കാണാൻ സാധിക്കില്ല. എല്‍ഇഡി ബള്‍ബുകള്‍ പോസ്റ്റിൽ ഉണ്ടെന്ന് പറഞ്ഞ് വഴിവിളക്ക് വരുന്നത് തടസപ്പെടുത്തുകയാണെന്ന് വാര്‍ഡ് മെമ്പറും ആരോപിക്കുന്നുണ്ട്. വികസനത്തിന് രാഷ്ട്രീയം തടസമല്ലെന്ന് മുഖ്യമന്ത്രി നിരന്തരം പറയുമ്പോള്‍ ഈ ദുരിതത്തിന് നിന്ന് എത്രയും വേഗം ഒരു പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam