
പത്തനംതിട്ട: ത്രില്ലർ സിനിമകളെ പോലും വെല്ലുന്ന രീതിയിൽ അന്വേഷണം നടത്തിയ പ്രശംസ ഏറ്റുവാങ്ങി കേരള പൊലീസിന്‍റെ 'മാന്നാർ സ്ക്വാഡ്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഉത്തർപ്രദേശിൽ നിന്ന് മാന്നാർ എത്തി വൻ കവർച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ എത്തി പിടികൂടുകയായിരുന്നു. മാന്നാറിലെ പ്രവാസി വ്യവസായിയുടെയും സമീപത്തെ ഡോക്ടറുടെയും വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും വിലയേറിയ വാച്ചുകളുമായാണ് പ്രതികൾ കേരളം വിട്ടത്.
മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആർ അടക്കം പ്രതികൾ കൊണ്ടുപോയി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടന്ന രാത്രി മൂന്നു പേർ കവർ തൂക്കിപ്പിടിച്ചു തിരക്കിട്ടു പോകുന്നതു കണ്ടു. എന്നാൽ, കുറച്ചു ദൂരെയുള്ള ക്യാമറകളിൽ ഇവരെ കാണുന്നുമില്ല. അതിൽ നിന്നാണ് ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി ആരിഫിലേയ്ക്ക് അന്വേഷണമെത്തുന്നത്.
തുടർന്ന് ആരിഫിന്റെ ബന്ധു റിസ്വാൻ സെഫിയിലേയ്ക്കും കൂട്ടാളിയായ മുഹമ്മദ് സൽമാനിലേയ്ക്കും അന്വേഷണമെത്തി. മോഷണം നടത്തിയ ശേഷം മുഹമ്മദ് സൽമാൻ ഉത്തർപ്രദേശിലേക്കും റിസ്വാൻ ഹൈദരാബാദിലേക്കും കടന്നു. എന്നാൽ ആരിഫ് ബാർബർ ഷോപ്പിൽ തന്നെ തുടർന്നു. ദില്ലിയിൽ എത്തിയ അനേഷണ സംഘം ശിവാലകലാൻ എന്ന ഗ്രാമത്തിലാണ് മുഹമ്മദ് സൽമാൻ ഉള്ളതെന്ന് മനസ്സിലാക്കി. വിശാലമായ കരിമ്പിൻ തോട്ടത്തിനുള്ളിൽ ഒരു ആഡംബര വസതിയിലാണ് പ്രതിയുടെ താമസം.
പൊലീസിനെ കണ്ട സൽമാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്നു പിടികൂടി. യു പി പൊലീസിന്‍റെ സഹായവും ലഭിച്ചു. ഇതേസമയം, തന്നെ മറ്റൊരു സംഘം ഹൈദരാബാദിൽ നിന്ന് റിസ്വാനെ പിടികൂടി. ബാർബർ ഷോപ്പിൽ നിന്ന് ആരിഫിനെയും കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മുഹമ്മദ് സൽമാൻ, ആരിഫ്, റിസ്വാൻ എന്നിവരെ കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.
സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവിൽ നിന്നും ആരിഫിനെ മാന്നാറിൽ നിന്നുമാണ് പിടികൂടിയത്. സൽമാനെ ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തിൽ എത്തിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam