'കേൾക്കുന്നവര്‍ക്ക് ഇതൊക്കെ ഒരു തമാശ, കണ്ണ് തെറ്റിയാൽ...'; 'മലയിറങ്ങി അവര്‍ വന്നതോടെ ദുരിതം', നാടിന്റെ വേദന
കുരങ്ങൻമാരുടെ കൂട്ടം മുക്കുന്നിമല ഇറങ്ങിത്തുടങ്ങിയതോടെയാണ് ഇവിടുത്തുകാര്‍ക്ക് സമാധാനം നഷ്ടമായത്. കണ്ണ് തെറ്റിയാൽ ഉണക്കാനിട്ട തുണി മരക്കൊമ്പിൽ തൂങ്ങിയാടും. കഴിക്കാനൊരുക്കിയ ഭക്ഷണം പാത്രത്തോടെയെടുത്തോടും

തിരുവനന്തപുരം: മലയിറങ്ങി വരുന്ന കുരങ്ങുകളെ കൊണ്ട് പൊറുതിമുട്ടുകയാണ് തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കലും പരിസര പ്രദേശങ്ങളും. നാട്ടുകാരുടെ പരാതി രൂക്ഷമായതോടെ പ്രദേശത്തുടനീളം കുരങ്ങിന് കെണിവയ്ക്കാൻ പഞ്ചായത്ത് പദ്ധതി ഉണ്ടാക്കി. കെണിയൊരുക്കി കുരങ്ങിനെ കാത്തിരിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ നാട്ടുകാരും. കേൾക്കുന്നവര്‍ക്ക് ഇതൊക്കെയൊരു തമാശയാണ്. പക്ഷേ വിളവൂര്‍ക്കലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജീവിതം ദുരിതമാണ്.
കുരങ്ങൻമാരുടെ കൂട്ടം മുക്കുന്നിമല ഇറങ്ങിത്തുടങ്ങിയതോടെയാണ് ഇവിടുത്തുകാര്‍ക്ക് സമാധാനം നഷ്ടമായത്. കണ്ണ് തെറ്റിയാൽ ഉണക്കാനിട്ട തുണി മരക്കൊമ്പിൽ തൂങ്ങിയാടും. കഴിക്കാനൊരുക്കിയ ഭക്ഷണം പാത്രത്തോടെയെടുത്തോടും. പൊറുതി മുട്ടിയപ്പോൾ നാട്ടുക്കൂട്ടം പരാതിയുമായി എത്തി. പഞ്ചായത്ത് ഇടപെട്ടു, കുരങ്ങിനെ പിടിക്കാൻ കൂടുവച്ചു. 1750 കുരങ്ങനെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്‍റെ കണക്ക്.
പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെ പേപ്പാറ വനാതിർത്തിയിൽ കൊണ്ട് വിടുകയാണ് പതിവ്. പിടിച്ച് മാറ്റുംതോറും കുരങ്ങ് ശല്യം പെരുകി വരുന്നതാണ് നാട്ടുകാരുടെ അനുഭവം. നഷ്ടപരിഹാരം ചോദിച്ച് പഞ്ചായത്തിനെ സമീപിക്കുന്നവരും കുറവല്ല. ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിനും ഉണ്ട് വര്‍ഷങ്ങളുടെ പഴക്കം. അതേസമയം, നിലമ്പൂരിൽ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയുടെ കൈ, തേങ്ങ പറിച്ചെറിഞ്ഞൊടിച്ച് കുരങ്ങന്‍റെ വാര്‍ത്ത കഴിഞ്ഞ മാസം അവസാനം വലിയ ചര്‍ച്ചയായിരുന്നു.
വനത്തോട് ചേര്‍ന്ന മേഖലയിലെ സ്വന്തം വീട്ടില്‍ വച്ചാണ് വീട്ടമ്മയ്ക്ക് നേരെ കുരങ്ങിന്റെ ആക്രമണം ഉണ്ടായത്. നിലമ്പൂരിൽ കുരങ്ങ് വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ഇടതു കൈ ഒടിഞ്ഞ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമി എന്ന 56കാരിക്കാണ് പരിക്കേറ്റത്. സെപ്തംബര്‍ 26ന് വൈകിട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോഴാണ് സംഭവം.