ബ്രഹ്മപുരത്തെ നിർദ്ദിഷ്ട മാലിന്യ വൈദ്യുതി പ്ലാന്‍റ് അശാസ്ത്രീയമാണെന്ന് ആരോപണം

By Web TeamFirst Published Jul 10, 2019, 9:07 AM IST
Highlights

 300 ടൺ മാലിന്യമാണ് പ്രതിദിനം കൊച്ചി കോർപ്പറേഷൻ കമ്പനിക്ക് നൽകേണ്ടത്. ഇല്ലെങ്കിൽ നഗരസഭ കമ്പനിക്ക് പിഴ നൽകേണ്ടി വരും. ജലാംശം കൂടുതലാണ് കൊച്ചിയിലെ മാലിന്യത്തിൽ എന്നാല്‍ പ്ലാന്‍റിന് വേണ്ടതാവട്ടെ ഉണക്കിയ മാലിന്യവും.

കൊച്ചി: ബ്രഹ്മപുരത്തെ നിർദ്ദിഷ്ട മാലിന്യ വൈദ്യുതി പ്ലാന്‍റ് അശാസ്ത്രീയമാണെന്ന വാദവുമായി കെഎസ്ഇബിയിലെ സിപിഐയുടെ തൊഴിലാളി സംഘടന രംഗത്ത്. മുൻപരിചയമില്ലാത്ത കമ്പനിയെ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. പ്ലാന്റിനാവശ്യമായ മാലിന്യം കൊച്ചിയിൽ നിന്ന് കിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ആരോപണങ്ങൾ നിർമ്മാണ കമ്പനിയായ ജി ജെ എക്കോ പവർ  നിഷേധിച്ചു.

മാലിന്യത്തിൽ നിന്ന് 1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ  15 കോടി രൂപയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം.  9.76 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ബ്രഹ്മപുരം പ്ലാന്റിന്റെ പദ്ധതി അടങ്കൽ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡത്തിന്റെ ഇരട്ടിയിലേറെ വരും. അതായത് 350 കോടി രൂപ. ഇത് ദുരൂഹമാണെന്നാണ് ആരോപണം. 

Latest Videos

മാലിന്യത്തില്‍ നിന്നും വൈദ്യുതി  ഉത്പാദിപ്പിക്കാന്‍ വേണ്ട സാമ്പത്തികമോ സാങ്കേതികമോ ആയ യാതൊരു ശേഷിയും ഈ കമ്പനിക്കില്ല. നടക്കാന്‍ സാധ്യതയില്ലാത്ത ഒരു പദ്ധതി കൊണ്ടു വന്ന് വലിയൊരു തട്ടിപ്പ് നടത്താനുള്ള ശ്രമമാണോ ഇതെന്ന് ഞങ്ങള്‍ സംശിയിക്കുന്നു - കെഎസ്ഇബി വര്‍ക്കേഴ്സ് ഫെഡറേഷനിലെ എഐടിയുസി നേതാവ് ജേക്കബ് ലാസര്‍ പറയുന്നു. 

നിർമ്മാണത്തിന് വേണ്ട 350 കോടി പൊതു സമൂഹത്തിൽ നിന്ന് ഉൾപ്പടെ ശേഖരിക്കുമെന്നാണ് കമ്പനി പറയുന്നത്. 300 ടൺ മാലിന്യമാണ് പ്രതിദിനം കൊച്ചി കോർപ്പറേഷൻ കമ്പനിക്ക് നൽകേണ്ടത്. ഇല്ലെങ്കിൽ നഗരസഭ കമ്പനിക്ക് പിഴ നൽകേണ്ടി വരും. ജലാംശം കൂടുതലാണ് നഗരത്തിലെ മാലിന്യത്തിൽ. പ്ലാന്റിന് വേണ്ടത് ഉണക്കിയ മാലിന്യവും. അതുകൊണ്ട് തന്നെ പ്ലാന്റിന് ആവശ്യമായ മാലിന്യം കിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.

ബ്രിട്ടണില്‍ ഉപയോഗത്തിലുള്ള ഒരു സാങ്കേതിക വിദ്യയാണ് മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനായി കൊച്ചിയിലേക്കും കൊണ്ടു വരുന്നത്.  ബ്രിട്ടണ്‍ പോലെ മിതശീതോഷ്ണ മേഖലയില്‍ ഉപയോഗിച്ചു പോരുന്ന സാങ്കേതിക വിദ്യ കേരളം പോലെയൊരു ധാരാളം മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശത്ത് എത്ര കണ്ട് പ്രായോഗികമാണ് എന്നത് കണ്ടറിയണം - പരിസ്ഥിതി വിദഗ്ദ്ധനായ പി ഷൈജു ചൂണ്ടിക്കാട്ടുന്നു.  

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് കമ്പനിയുടെ വാദം. ബ്രഹ്മപുരത്ത് നിലവിൽ രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം ടണ്‍ വരെ മാലിന്യം കുമി‍ഞ്ഞു കൂടി കിടക്കുന്നുണ്ട്. ഈ മാലിന്യത്തില്‍ 60 ശതമാനവും ഓര്‍ഗാനിക് വേസ്റ്റാണ്. അതിലാണ് ജലാംശം കൂടുതലുള്ളത്. ഞങ്ങളുടെ സാങ്കേതിക വിദ്യയുപയോഗിച്ച് ഇതിനെ ഉണക്കിയെടുത്ത ശേഷമാണ് അവ വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കുന്നത് -   ജി ജെ എക്കോ പവർ വക്താവ് അമിത് വിശ്വനാഥ് പറയുന്നു. പദ്ധതി ചെലവ് കൂടാന്‍ കാരണം ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചതാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!