ജലനിധി ഉദ്യോഗസ്ഥരുടെ അനാസ്ഥ: നെടുങ്കണ്ടം കരടിവളവ്- കൈലാസപ്പാറ റോഡ് തകര്‍ന്നു

By Web TeamFirst Published Sep 30, 2018, 6:56 AM IST
Highlights

നിര്‍മ്മാണ സമയത്ത് എതിര്‍ വശത്ത് കുഴി നിര്‍മ്മിച്ചില്ലെങ്കില്‍ റോഡ് അപകടാവസ്ഥയിലാവുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും മുഖവിലയ്ക്കെടുക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. റോഡിന്‍റെ ഒരു ഭാഗത്ത് നിന്നും സംരക്ഷണ ഭിത്തി അപകടകരമായ നിലയിലാണ് ഇടിഞ്ഞ് പോയത്. ഇതിന് താഴെയായി അഞ്ചോളം കുടുംബങ്ങളുണ്ട്. 

ഇടുക്കി: വെള്ളിയാഴ്ച നെടുങ്കണ്ടം മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് നെടുങ്കണ്ടത്തിന് സമീപം കരടിവളവ്- കൈലാസപ്പാറ റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നത്. റോഡില്‍ കിഴക്കാം തൂക്കായ ചെരിവുകളുള്ള ഭാഗത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജെസിബി ഉപയോഗിച്ച് കുഴികള്‍ നിര്‍മ്മിച്ച് ജല നിധി ഉദ്യോഗസ്ഥര്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍മ്മിച്ച കുഴിയില്‍ വെള്ളം നിറയുകയും ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് റോഡിന്‍റെ സംരക്ഷണ ഭിത്തി തകരുകയുമായിരുന്നു. റോഡിന് സമീപത്ത് പല ഭാഗത്തും അപകടരമായ കുഴികള്‍ രൂപപെട്ടിട്ടുണ്ട്. 

വൈദ്യുതി പോസ്റ്റുകള്‍ക്ക് ചുവട്ടില്‍ നിന്നും മണ്ണ് ഒലിച്ച് പോയ അവസ്ഥയിയാലാണ്. കുഴിയില്‍ വെള്ളം നിറഞ്ഞ് സമീപത്തെ പുരയിടത്തിലേയ്ക്ക് ഒഴുകി മണ്ണിടിഞ്ഞ് സമീപവാസിയായ കൃഷ്ണവിലാസം കൃഷ്ണന്‍റെ വീട് അപകടാവസ്ഥയിലായി. കുടിവെള്ള പദ്ധതിയ്ക്കായി ഏതാനും ദിവസം മുന്‍പാണ് ജലനിധി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റോഡിന്‍റെ സമീപത്ത് ജെസിബി ഉപയോഗിച്ച് കുഴി നിര്‍മ്മിച്ച് ഹോസുകള്‍ സ്ഥാപിച്ചത്. മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള പ്രദേശത്ത് റോഡിനോട് ചേര്‍ന്ന് കുഴി നിര്‍മ്മിയ്ക്കുകയായിരുന്നു. നിര്‍മ്മാണ സമയത്ത് എതിര്‍ വശത്ത് കുഴി നിര്‍മ്മിച്ചില്ലെങ്കില്‍ റോഡ് അപകടാവസ്ഥയിലാവുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും മുഖവിലയ്ക്കെടുക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. 

റോഡിന്‍റെ ഒരു ഭാഗത്ത് നിന്നും സംരക്ഷണ ഭിത്തി അപകടകരമായ നിലയിലാണ് ഇടിഞ്ഞ് പോയത്. ഇതിന് താഴെയായി അഞ്ചോളം കുടുംബങ്ങളുണ്ട്. റോഡ് പൂര്‍ണ്ണമായും ഇടിയാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനെ തുടര്‍ന്ന് നിര്‍മ്മിച്ച റോഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് നശിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചുവട്ടില്‍ നിന്നും മണ്ണ് നീങ്ങി ഏത് നിമിഷവും താഴേയ്ക്ക് പതിയ്ക്കാവുന്ന സാഹചര്യത്തില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രികര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു. 

നെടുങ്കണ്ടം ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കൈലാസ പ്പാറ മലനിരയിലേയ്ക്കുള്ള റോഡാണിത്. വലിയ വിനോദ സഞ്ചാര സാദ്ധ്യതയുള്ള പ്രദേശം കൂടിയാണിത്. എന്നാല്‍ നാശനഷ്ടം പ്രളയ കെടുതിയില്‍ ഉള്‍പ്പെടുത്താം എന്ന നിലപാടാമ് അധികൃതര്‍ സ്വീകരിച്ചത്. ഒരു മാസം മുന്‍പ് കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വലിയ നാശ നഷ്ടം ഉണ്ടായിട്ടും അത്തരം സാഹചര്യം പോലും കണക്കിലെടുത്തിട്ടില്ല.  റോഡിന്‍റെ സമീപത്ത് ചെങ്കുത്തായ ഭാഗത്തോട് ചേര്‍ന്ന് മണ്ണെടുത്താല്‍ ഇടിയാന്‍ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ട് പോലും അത് മുഖവിലയ്ക്കെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 
 

click me!