പള്ളിവക കെട്ടിടം ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍; സിപിഎം പ്രവര്‍ത്തകര്‍ക്കും ബന്ധം, കേസ് ഒതുക്കാന്‍ നീക്കം

By Web TeamFirst Published Dec 4, 2020, 10:33 AM IST
Highlights

ഒരാഴ്ച മുമ്പാണ് മൂന്നാര്‍ മൗണ്ട് കര്‍മ്മല്‍ ദേവാലത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അതിക്രമിച്ച് കയറി കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് പന്ത്രണ്ട് പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. 

ഇടുക്കി: പള്ളിവക കെട്ടിടത്തില്‍ നിന്നും യുവാവിനെ ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പൊലീസ്. സംഭവത്തിന് പിന്നില്‍ സി പി ഐ എം പ്രവര്‍ത്തകരുമുണ്ടെന്നും, പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ നടപടി എടുക്കാതെ  ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ശക്തം. 

ഒരാഴ്ച മുമ്പാണ് മൂന്നാര്‍ മൗണ്ട് കര്‍മ്മല്‍ ദേവാലത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അതിക്രമിച്ച് കയറി കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് പന്ത്രണ്ട് പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടയില്‍ ഉറങ്ങിക്കിടന്നിരുന്ന യുവാവിനെ വിളിച്ചുണര്‍ത്തി വാളുപയോഗിച്ച് വെട്ടുകയും, കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയും, കാല് തല്ലിയോടുക്കുകയും ചെയ്തത്. 

രക്ഷപ്പെട്ട് ഓടിയെ യുവാവിനെ പെരിയപാലത്തിലിട്ടും തുടര്‍ന്ന് ദേവാലത്തിന് സമീപത്തെ കെട്ടിടത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഗുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്ത് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവം വിവാദമായതോടെ അടിമാലി സി ഐയുടെ നേത്യത്വത്തില്‍ ഏഴുപേരങ്ങുന്ന സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്തരുടെ നേത്യത്വത്തില്‍ പരിശോധനകള്‍ നടത്തിയതില്‍ സംഭവം നടന്നതായി കണ്ടെത്തുകയും ചെയ്തു. 

യുവാവിന്റെ മൊഴിപ്രകാരം പന്ത്രണ്ട് പ്രതികളില്‍ ഏഴുപേരെ പോലീസ് കണ്ടെത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഇടവകകമ്മറ്റിയംഗങ്ങളും സി പി എം പ്രവര്‍ത്തകരുമായതിനാല്‍ ഉന്നത അധികൃതരുടെ ഇടപെടലുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം. വിവാദമായ കേസായതിനാല്‍ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം  രജിസ്റ്റര്‍ ചെയ്ത് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതിക്കാരനും നാട്ടുകാരും ആരോപിക്കുന്നത്.

click me!