പ്രദേശ വാസികളായ സ്ത്രീകളെ അധിക്ഷേപിച്ച വിഴിഞ്ഞം സമരസമിതി പ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം

By Web TeamFirst Published Oct 2, 2022, 10:04 PM IST
Highlights

വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപത നടത്തുന്ന സമരത്തിൽ പ്രദേശവാസികളായ സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിന് കേസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപത നടത്തുന്ന സമരത്തിൽ പ്രദേശവാസികളായ സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിന് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് സംരക്ഷിക്കുന്നു എന്ന് ജനകീയ സമിതി പ്രവർത്തകർ ആരോപിക്കുന്നു. 

ഇക്കഴിഞ്ഞ 28ന് ആണ് സംഭവം. സമരസമിതി അംഗം ജാക്സൺ ആണ് സമര പന്തലിൽ ഉച്ചഭാഷിണിയിലൂടെ പ്രദേശ വാസികളായ സ്ത്രീകളെ അപമാനിച്ചുകൊണ്ട് വിവാദ സംഭാഷണം നടത്തിയത്. മുല്ലൂർ നിവാസികൾ മത്സ്യത്തൊഴിലാളികളുടെ സമരത്തെ എതിർക്കുന്നത് മുല്ലൂർ നിവാസികളായ സ്ത്രീകളെ അദാനിയുടെ ആളുകൾക്ക് കാഴ്ച വെയ്കുന്നതിനും വിദേശികൾ വരുമ്പോൾ അവർക്ക് കൂട്ടികൊടുകുന്നതിനും വേണ്ടി ആണെന്നത് ഉൾപ്പടെയുള്ള പ്രസംഗമാണ് ജാക്സൺ മൈക്ക് സൈറ്റിലൂടെ നടത്തിയത്. 

ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചതോടെ സംഭവത്തിൽ മുല്ലൂരിലെ വനിതകൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ സംരക്ഷിക്കുകയാണെന്നും സ്ത്രീത്വത്തെ അപമാനിച്ച ജാക്സൺ എന്ന ലത്തീൻ നേതാവിനെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്നും പ്രാദേശിക കൂട്ടായ്മ ഭാരവാഹികളായ വെങ്ങാനൂർ ഗോപകുമാർ, മുക്കോല സന്തോഷ്‌, സതികുമാർ എന്നിവർ ആവശ്യപ്പെട്ടു. വിവാദ പ്രസംഗത്തിനെത്തിരെ മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽ തന്നെ രൂക്ഷമായ വിമർശനം ഉയർന്നിരിക്കുകയാണ്. 

Read more:  തുറമുഖ നിർമാണം നിർത്തിവച്ച് പഠനം ഉൾപ്പെടെ സമ​ഗ്ര പാക്കേജ് ആവശ്യവുമായി വിഴിഞ്ഞം സമരസമിതി,ഉപസമിതി ചർച്ച വീണ്ടും

അതേസമയം, വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർ‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസം ഇതുവരെ നീക്കിയില്ലെന്ന് ഹർ‍ജി പരിഗണിക്കവേ, അദാനി ഗ്രൂപ്പ് അറിയിച്ചു.

സമരപ്പന്തൽ പൊളിക്കാതെ മുന്നോട്ടു പോകാൻ  ആകില്ല എന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വാഹനങ്ങൾ പോകുന്നതിന് തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്. തടസ്സം ഒഴിവാക്കാൻ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദേശിച്ചു. നിർമാണത്തിനായി പോകുന്ന വാഹനങ്ങൾ ഒന്നും തടഞ്ഞിട്ടില്ലെന്നും ആ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജികൾ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.

click me!