Latest Videos

നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ട അഞ്ച് കറവപ്പശുക്കളെ കടുവ കൊന്നു, സംഭവം ഇന്നലെ രാത്രി

By Web TeamFirst Published Oct 2, 2022, 11:39 AM IST
Highlights

ഇന്നലെ രാത്രിയോടെയാണ് നയമക്കാട് എസ്‌റ്റേറിലെ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെ കടുവ ആക്രമിച്ചത്

മൂന്നാര്‍: ഇടുക്കിയിലെ നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു. ഇന്നലെ രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിക്കുകയാണ്. രണ്ടുമണിക്കൂറിലേറെയായി തുടരുന്ന റോഡ് ഉപരോധത്തെ തുടര്‍ന്ന് ഇരവികുളം ദേശിയോദ്യാത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ വനപാലകര്‍ പാര്‍ക്ക് അടച്ചു.

ഇന്നലെ രാത്രിയോടെയാണ് നയമക്കാട് എസ്‌റ്റേറിലെ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ അഞ്ച് പശുക്കള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു പശുവിന്‍റെ  നില അതീവ ഗുരുതരമാണ്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രകോപിതരായ തൊഴിലാളികള്‍ പശുക്കളെ കാണാനെത്തിയ വനപാലകരെ തടഞ്ഞുവെച്ചു.

എസ്റ്റേറ്റ് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ കൊല്ലപ്പെട്ട പശുക്കളുമായെത്തി റോഡ് ഉപരോധിക്കുകയാണ്. ദേവികുളം സബ് കളക്ടറുര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ സംഭവസ്ഥലത്ത് എത്തിയെങ്കിലും തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിക്കാന്‍ തയ്യറായിട്ടില്ല. റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് വലിയ ഗതാഗതകുരുക്കുണ്ടായി. തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശര്‍ക്ക് കയറാന്‍  സാധിച്ചിട്ടില്ല. ഇതോടെ പാര്‍ക്ക് അധിക്യതര്‍ പൂട്ടിയിരിക്കുകയാണ്.

Read More : 'മദ്യം നല്‍കി ക്രൂര മര്‍ദ്ദനം'; പൂപ്പാറ സ്വദേശിനി ട്രെയിനിന് മുന്നില്‍ ചാടിമരിച്ചത് കാമുകന്‍റെ പീഡനംമൂലം

tags
click me!