ആലുവ കേസില്‍ പഴുതടച്ച കുറ്റപത്രം തയ്യാറാക്കാൻ അന്വേഷണസംഘം; പ്രതിക്ക് തൂക്കുകയര്‍ കിട്ടുമോ?

Published : Aug 04, 2023, 03:41 AM IST
ആലുവ കേസില്‍ പഴുതടച്ച കുറ്റപത്രം തയ്യാറാക്കാൻ അന്വേഷണസംഘം; പ്രതിക്ക് തൂക്കുകയര്‍ കിട്ടുമോ?

Synopsis

കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താനുപയോഗിച്ച തുണി, ചെരിപ്പ് എന്നിവ തെളിവെടുപ്പിനിടെ കണ്ടെടുത്തു. 

ആലുവ: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇനി എല്ലാവര്‍ക്കും അറിയേണ്ടത് ഒരൊറ്റ കാര്യമാണ്. പ്രതി അസഫാക് ആലത്തിന് തൂക്കുകയര്‍ കിട്ടുമോയെന്നതാണ്. ഇതിനായി പഴുതടച്ച കുറ്റപത്രം തയ്യാറാക്കേണ്ടതുണ്ട്. കേസില്‍ ഇപ്പോള്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താനുപയോഗിച്ച തുണി, ചെരിപ്പ് എന്നിവ തെളിവെടുപ്പിനിടെ കണ്ടെടുത്തു. 

ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമാണ് പ്രതി അസഫാക്കുമായി പൊലീസ് സംഘം ആലുവ മാര്‍ക്കറ്റില്‍ എത്തിയത്. ആദ്യ രണ്ടു ദിവസം ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതി മൂന്നാം ദിവസം വാ തുറന്നു. കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച വസ്ത്രം, ചെരുപ്പ് എന്നിവ ആലുവ മാര്‍ക്കറ്റില്‍ കൃത്യം നടത്തിയതിന് സമീപം ഒളിപ്പിച്ചതായി ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് ഇവ കസ്റ്റഡിയില്‍ എടുത്തത്. കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തൊണ്ടി മുതലുകള്‍. പ്രതിയുടെ പശ്ചാത്തലം തേടി പൊലീസ് സംഘം അടുത്ത ദിവസം തന്നെ ബിഹാറിലേക്ക് പോകുന്നുണ്ട്.

അതേസമയം, കുട്ടിയുടെ കുടുംബത്തിന് മന്ത്രിസഭ ഇന്നലെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മാതാപിതാക്കള്‍ക്ക് കൈമാറി. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് എന്നിവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തിയത്. 

പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.  

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. പൊലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും പ്രവര്‍ത്തനം സാധ്യമാക്കുക. കഴിഞ്ഞദിവസം ജില്ലയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിരുന്നു.  മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ഡേ കെയര്‍ സജ്ജമാക്കുന്ന കാര്യം യോഗത്തില്‍ ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് അറിയിച്ചു. 
 

  ആര്‍എസ്എസ് ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിച്ചു, തല്ലിതകര്‍ത്തു; മൂന്നു പേര്‍ അറസ്റ്റില്‍  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു