
കൊച്ചി: ആലുവയിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ ഇതരസംസ്ഥാന കവർച്ചാസംഘമെന്ന വാദം തളളി പൊലീസ്. കൃത്യത്തിനെത്തിയവർ മലയാളത്തിലാണ് സംസാരിച്ചതെന്ന മൊഴി അന്വേഷണ സംഘത്തിന് കിട്ടി. കസ്റ്റഡിയിലുളളവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് നിലവിൽ പരിശോധിക്കുന്നത്.
ആലുവ എടയാറിലേക്ക് കൊണ്ടുവന്ന 22 കിലോ സ്വർണം കവർച്ച ചെയ്ത സംഭവത്തിലാണ് പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നത്. വിവിധ ജ്വല്ലറികളിൽ നിന്നായി സ്വർണം ശേഖരിച്ച് ഇവിടെയെത്തിക്കുന്ന സ്വകാര്യ ഏജൻസിയിലേയും എടയാറിലെ സ്വർണ ശുദ്ധീകരണ ശാലയിലേയും ജീവനക്കാരുടെ വിശദാംശങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംശയമുളളവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. സ്വർണം കൊണ്ടുപോയ കൊച്ചിയിലെ സ്വകാര്യ ഏജൻസിയിലെ നാലുപേരാണ് നിലവിൽ കസ്റ്റഡിയിലുളളത്. ഇവരുടെ മൊഴികളിൽ ചില വൈരുദ്ധ്യങ്ങളുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് നിലവിലെ ശ്രമം. കവർച്ചക്കെത്തിയവരുടെ കൃത്യത്തിന് മുമ്പുളള ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.
ബൈക്കിലെത്തിയ രണ്ടുപേരിൽ മുണ്ടാണ് ഉടുത്തിരുന്നത്. ബൈക്കിൽ ചാരിനിന്ന് മദ്യം കഴിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. സ്വർണം കൊണ്ടുവന്ന കാറിന്‍റെ ചില്ലുകൾ അടിച്ചുടച്ചശേഷം യാതൊരു പരിഭ്രമവും കാണിക്കാതെയാണ് ഇവർ സ്വർണം അടങ്ങിയ പെട്ടിയുമായി ബൈക്കിൽ രക്ഷപ്പെട്ടത്.
വാഹനം ആക്രമിക്കുമ്പോൾ മലയാളത്തിൽ ഇവർ സംസാരിച്ചതെന്ന് എടയാറിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിലെ ആസൂത്രണവും സാഹചര്യവും പരിശോധിക്കുമ്പോൾ സ്വർണം കൊണ്ടുപോകുന്നത് സംബന്ധിച്ച് വ്യക്തമായ മുന്നറിവുളളവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനാലാണ് ഇരു സ്ഥാപനങ്ങളിലേയും ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam