
അമ്പലപ്പുഴ: പട്ടാപകല്‍ വീട് കുത്തിതുറന്ന് സ്വണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ പുത്തന്‍ പറമ്പ് വീട്ടില്‍ സുദേശന്‍ (40) ആണ് അമ്പലപ്പുഴ പൊലീസ് പിടിയിലായത്. തകഴി സ്വദേശിയായ തോമസിന്റെ വീട്ടില്‍ നിന്ന് പതിമൂന്നര പവനോളം സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്. മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ മറ്റൊരാളുടെ പുരയിടത്തില്‍ കുഴിച്ചിട്ട പ്രതി രണ്ട് ദിവസത്തിന് ശേഷം അവിടെ നിന്ന് എടുക്കുകയും താലിമാലയില്‍ ഉണ്ടായിരുന്ന കുരിശ് മിന്ന് കരുമാടിയിലെ ചര്‍ച്ചിന്റെ കാണിക്ക വഞ്ചിയില്‍ ഇട്ട ശേഷം ബാക്കിയുള്ളവ വില്‍ക്കുകയും മാറ്റി വാങ്ങുകയുമായിരുന്നു. കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വണാഭരണങ്ങളും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിശദവിവരങ്ങൾ ഇങ്ങനെ
തകഴി കുന്നുമ്മ പന്നക്കളം പുത്തന്‍പറമ്പ് തോമസിന്റെ വീട്ടില്‍ നിന്നാണ് പതിമൂന്നര പവനോളം സ്വര്‍ണ്ണം പ്രതി മോഷ്ടിച്ചത്. തോമസിന്റെ ജേഷ്ഠ സഹോദരന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബ സമേതം വീട് പൂട്ടി പോയ സമയം പ്രതി അടുക്കള വാതില്‍ കുത്തി തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് തോമസിന്റെ ഭാര്യ ബീനയുടെ പരാതിയെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിരലടയാളമടക്കം ശേഖരിച്ച പോലീസ് ഈ വീടുമായി അടുപ്പമുള്ള ആരോ ആണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.
ബന്ധുക്കളേയും അയല്‍ വാസികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നേരത്തെ സമീപത്ത് വാടകക്ക് താമസിച്ചിരുന്ന മോഷ്ടാവ് വലയിലായത്. മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ മറ്റൊരാളുടെ പുരയിടത്തില്‍ കുഴിച്ചിട്ട പ്രതി രണ്ട് ദിവസത്തിന് ശേഷം അവിടെ നിന്ന് എടുക്കുകയും താലിമാലയില്‍ ഉണ്ടായിരുന്ന കുരിശ് മിന്ന് കരുമാടിയിലെ ചര്‍ച്ചിന്റെ കാണിക്ക വഞ്ചിയില്‍ ഇട്ട ശേഷം ബാക്കിയുള്ളവ വില്‍ക്കുകയും മാറ്റി വാങ്ങുകയുമായിരുന്നു. കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വണാഭരണങ്ങളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സമാന രീതിയില്‍ മറ്റ് മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രന്റെ നിര്‍ദേശ പ്രകാരം അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് കെ എന്‍ രാജേഷിന്റെ മേല്‍ നോട്ടത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രതീഷ്‌കുമാര്‍ എം ന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് കെ ദാസ്, ഹാഷിം, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് പ്രതിഭ പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ് കുമാര്‍, സുജിമോന്‍, ബിബിന്‍ദാസ്, വിഷ്ണു ജി, വിനില്‍ എം കെ, ജോസഫ് ജോയ്, മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam