
ആലപ്പുഴ: മകളെ നഷ്ടപെട്ടവരുടെ തീരാദു:ഖത്തിനും തെളിവുവേണമോയെന്ന് അമ്പലപ്പുഴയില്‍ 2009 ല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മാതാവായ വിജയമ്മ. അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട സഹപാഠികളെ കുറ്റവിമുക്തരാക്കിയ വാര്‍ത്തയറിഞ്ഞ് പ്രതികരിക്കുകയായിരുന്നു വിജയമ്മ.
2009 നവംബര്‍ 17നായിരുന്നു കേരളത്തെ നടുക്കിയ അമ്പലപ്പുഴയിലെ മൂന്നു വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ. അന്ന് മരിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ കന്നിട്ടച്ചിറയില്‍ വേണുവിന്റെ മകള്‍. പ്രതികളെ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ വെറുതെ വിട്ടെന്ന വാര്‍ത്ത ഇന്ന് തൊഴിലുറപ്പിന് പോയപ്പോള്‍ അയല്‍ക്കാരി പറഞ്ഞാണ് വേണുവിന്‍റെ ഭാര്യ വിജയമ്മ അറിയുന്നത്. രാവിലെ വേണു പത്രത്തിലൂടെ വിവരം അറിഞ്ഞെങ്കിലും വിജയമ്മയെ അറിയിച്ചിരുന്നില്ല.
അയല്‍ക്കാരില്‍ നിന്ന് വിവരം അറിഞ്ഞ വിജയമ്മ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് വീട്ടില്‍ എത്തിയതെന്ന് പിതാവ് വേണു പറഞ്ഞു. 10 വര്‍ഷത്തിന് ശേഷം വിധി വന്നപ്പോള്‍ ഇങ്ങനെയൊരു വിധിയാകുമെന്ന് ആ മാതാപിതാക്കള്‍ കരുതിയില്ലെന്നും പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അമ്പലപ്പുഴ സി ഐ യെ മാറ്റിയിരുന്നു, കേസന്വേഷണം നല്ല രീതിയിലായിരുന്നു ആദ്യ നാളുകളില്‍ പോയിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണവും പാതി വരെ ശരിയായ രീതിയിലായിരുന്നു.
എന്നാല്‍ തങ്ങളുടെ കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ടവരെ തെളിവുകള്‍ ഇല്ലെന്ന പേരില്‍ വെറുതെ വിട്ടതില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിജയമ്മ പറഞ്ഞു. സ്‌കൂളില്‍ പഠിക്കുവാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളുടെ ദയനീയ അവസ്ഥ എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കണ്ടതാണെന്ന് വിജയമ്മ പറഞ്ഞു. തങ്ങള്‍ക്ക് ഇനിയും കേസുമായി മുന്നോട്ടു പോകുവാന്‍ സാന്പത്തിക ശേഷിയും ഇല്ല.
മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത കഞ്ഞിപ്പാടത്തുള്ള രണ്ട് കുട്ടികളുടെ മാതാപിതാക്കളും കേസിനും മറ്റും ഒപ്പം നില്‍ക്കുമോ എന്നറിയില്ലന്നും അവര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുൻപ് മകള്‍ക്ക് ഒരു മൗനം ഉണ്ടായിരുന്നു. കാരണം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്ന് വിജയമ്മ പറഞ്ഞു. കുട്ടികൾ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് നാട്ടുകാരും പറഞ്ഞു.
രാഷ്ട്രീയ ഇടപെടല്‍ അന്നു മുതല്‍ക്കേ നടന്നു വന്നിരുന്നതായി സമീപവാസി പ്രദീപ് പറഞ്ഞു. വേണുവിന്‍റെ മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു കുട്ടിയുടെ അമ്മയ്ക്ക് അന്നു മുതല്‍ മാനസിക ബുദ്ധിമുട്ടും ഉണ്ട്. അവരുടെ ഇളയ കുട്ടിയും വെള്ളത്തില്‍ വീണ് മരിച്ചതാണ്. കോടതി വിധിയില്‍ നാട്ടുകാര്‍ക്ക് പോലും അതൃപ്തിയുണ്ടെന്ന് സമീപവാസിയായ രമണി പറയുന്നു. മാത്രമല്ല അമ്പലപ്പുഴ മോഡല്‍ ഗവണ്‍മെന്റ് എച്ച് എസ് എസില്‍ കുട്ടികളെ ചേര്‍ക്കുവാന്‍ പലരും മടിക്കുന്നതായി അധ്യാപകരും പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam