അപകട സാധ്യത നിലനില്‍ക്കെ ജങ്കാർ സർവീസ് പുനരാരംഭിച്ചു; പുതിയ പാലം തുറക്കണമെന്ന് നാട്ടുകാര്‍

Published : Jul 24, 2019, 10:52 PM IST
അപകട സാധ്യത നിലനില്‍ക്കെ ജങ്കാർ സർവീസ് പുനരാരംഭിച്ചു; പുതിയ പാലം തുറക്കണമെന്ന് നാട്ടുകാര്‍

Synopsis

ജലനിരപ്പുയർന്നു നിൽക്കുന്നതിനാൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ജങ്കാറിലേക്ക് കയറ്റുന്നത് അപകടം ഉണ്ടാക്കുമെന്നാണ് ആശങ്ക

അമ്പലപ്പുഴ: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നിർത്തിവെച്ച കഞ്ഞിപ്പാടത്തെ ജങ്കാർ സർവീസ് പുനരാരംഭിച്ചു. പക്ഷേ അപകടം ഉണ്ടാകുമെന്ന് ആശങ്ക നിലനില്‍ക്കുകയാണ്. കാലവർഷം കനത്തതിന് പിന്നാലെ പൂക്കൈതയാറ്റിൽ ജലനിരപ്പുയർന്നതോടെയാണ് അഞ്ചു ദിവസം മുമ്പ് ഇവിടെ ജങ്കാർ സർവീസ് നിർത്തിവെച്ചത്. ചെറുതും വലുതുമായ വാഹനങ്ങൾ ജങ്കാറിൽ കയറ്റി അക്കരെയിക്കരെ കടക്കുന്നത് അപകടത്തിനു കാരണമാകുമെന്ന് ആശങ്കയുയർന്നിരുന്നു. തുടർന്ന് നിർമാണം പൂർത്തിയായ പാലത്തിലൂടെ താൽക്കാലിക ഗതാഗതം ആരംഭിച്ചിരുന്നു.

കിഴക്കൻ പ്രദേശത്തുള്ളവർക്ക് ദേശീയ പാതയിലെത്താൻ മറ്റു യാത്രാമാർഗമില്ലാത്തതിനാൽ താൽക്കാലികമായി തുറന്നു നൽകിയ പാലം നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ ഇന്നലെ പാലത്തിലെ ഗതാഗതം സ്പാനുകൾ ഉപയോഗിച്ച് തടസ്സപ്പെടുത്തിയതോടെ യാത്രക്കാർക്ക് മറ്റു മാർഗമില്ലാതെ വന്നതോടെയാണ് ജങ്കാർ സർവീസ് പുനരാരംഭിക്കേണ്ടി വന്നത്. ഇത് വലിയ അപകടത്തിന് വഴിവെക്കുമെന്നും ആശങ്കയുയർന്നിട്ടുണ്ട്.

ജലനിരപ്പുയർന്നു നിൽക്കുന്നതിനാൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ജങ്കാറിലേക്ക് കയറ്റുന്നത് അപകടം ഉണ്ടാക്കുമെന്നാണ് ആശങ്ക. പാലം താൽക്കാലികമായെങ്കിലും തുറന്നുകൊടുത്താൽ ജങ്കാറിലെ അപകടകരമായ ഈ യാത്ര ഒഴിവാക്കാൻ കഴിയും. നാട്ടുകാർക്കായി കോടികൾ ചെലവഴിച്ചു നിർമിച്ച പാലം കാലവർഷക്കാലത്തെ യാത്രാ ദുരിതത്തിനു പരിഹാരം കാണാനായി തുറന്നു കൊടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജങ്കാർ സർവീസ് കൂടി നിർത്തലാക്കിയാൽ കിഴക്കൻ പ്രദേശത്തുള്ളവർക്ക് ദേശീയ പാതയിലെത്താൻ ആലപ്പുഴ ചങ്ങനാശേരി റോഡിനെ ആശ്രയിക്കേണ്ടി വരും. ഇത് സമയ നഷ്ടത്തിനും കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്