
തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം പ്രാവച്ചമ്പലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വട്ടപ്പാറ സ്വദേശി സന്ദീപ്(22) പിടിയിലായത്. ഇയാളിൽ നിന്ന് 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ആംബുലൻസ് ഡ്രൈവറായ പ്രതി ബംഗളുരുവിൽ നിന്നും ലഹരിയെത്തിക്കുകയായിരുന്നു. മൊത്ത വ്യാപാരികളിൽ നിന്ന് കഞ്ചാവും എംഡിഎംഎയും വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.
എക്സൈസ് ഇൻപെക്ടർ എ.കെ അജയകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, ഇതര സംസ്ഥാന ക്യാമ്പുകളിലും ഇയാൾ ലഹരി മരുന്നുകൾ എത്തിച്ചു നൽകിയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നത് എവിടെ നിന്ന് എന്നറിയാൻ അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.