60 മനുഷ്യ ജീവൻ രക്ഷിച്ച രക്തദാനം നടത്തിയ ആംബുലൻസ് ഡ്രൈവർ, രക്തം വേണ്ടവർക്കായി ഇനിയും ഓടിയെത്തും; മുഹമ്മദ് സാബിറിന് പഠിച്ച സ്കൂളിന്‍റെ ആദരം

Published : Jun 19, 2025, 01:39 PM IST
sabir blood donor

Synopsis

ബി നെഗറ്റീവ് ഗ്രൂപ്പുകാരനായ സാബിർ പിതാവിന്റെ മാതൃക പിന്തുടരുകയായിരുന്നു

തൃശൂർ: വാടാനപ്പള്ളി തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ സ്കൂളിൽ അന്താരാഷ്ട്ര രക്ത ദാന ദിനാചരണം വേറിട്ട മാതൃകയായി. അറുപത് തവണ രക്തദാനം നടത്തി ഇനിയും രക്തം വേണ്ടവർക്കായി ഓടിയെത്താൻ സന്നദ്ധനായിരിക്കുന്ന യുവാവിനെ ആദരിച്ചുകൊണ്ടാണ് വിദ്യാലയം രക്തദാന ദിനം അചരിച്ചത്. തൃത്തല്ലൂർ മൊളുബസാർ അമ്പലത്തുവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ ആംബുലൻസ് ഡ്രൈവറായ മുഹമ്മദ് സാബിർ ആണ് രക്തം നൽകി ഇതിനകം അറുപത് മനുഷ്യജീവനുകൾക്ക് രക്ഷകനായത്. ബി നെഗറ്റീവ് ഗ്രൂപ്പുകാരനായ സാബിർ പിതാവിന്റെ മാതൃക പിന്തുടരുകയായിരുന്നു.

മറ്റുള്ളവർക്ക് രക്തം നൽകിയും ആവശ്യമുള്ളവർക്ക് സംഘടിപ്പിച്ച്കൊടുത്തുമിരുന്ന ഇബ്രാഹിംകുട്ടിയുടെ വഴിയിൽ മകനും സഞ്ചരിക്കുകയാണ്. 18 വയസ്സിൽ തുടങ്ങിയ രക്തദാനം 40 പിന്നിടുമ്പോൾ 60 പേർക്ക് രക്തം നൽകി യാത്ര തുടരുകയാണ്. എന്നാലും ഒരു സങ്കടം ഈ യുവാവ് പങ്ക് വയ്ക്കുന്നു. കഴിഞ്ഞ ഡിസംബർ 25 നാണ് അവസാനമായി രക്തം നൽകിയത്. അതിനു ശേഷം വീണ്ടും രക്ത ദാനത്തിനായി പോയെങ്കിലും ഹീമോഗ്ലോബിൻ കുറഞ്ഞതിനെ തുടർന്ന് രക്തം നൽകാനാകാതെ തിരിച്ചു പോരേണ്ടിവന്നു. അധികം വൈകാതെ രക്തദാനം തുടരുമെന്ന് ഈ കാരുണ്യ പ്രവർത്തകൻ പറഞ്ഞു വയ്ക്കുന്നു. ഹീമോഗ്ലോബിൻ കൂട്ടാനുള്ള പരിശ്രമത്തിലാണ് ഈ ആംബുലൻസ് ഡ്രൈവർ. പിതാവിന്റെ മാതൃകയാണ് താൻ പിന്തുടരുന്നതെന്നാണ് സാബിർ എപ്പോഴും പറയാറുള്ളത്. കിട്ടാൻ പ്രയാസമുള്ള ബി നെഗറ്റീവ് ഗ്രൂപ്പായതിനാൽ തന്നെ, ആർക്കെങ്കിലും രക്തം വേണമെന്നറിഞ്ഞാൽ സാബി‌ർ ഓടിയെത്തും.

സാബിറിന്റെ പൂർവ വിദ്യാലയമാണ് കമല നെഹ്റു മെമ്മോറിയൽ വി എച്ച് എസ് സ്കൂൾ. രക്തദാന ദിനത്തിൽ സാബിറിന്റെ മാതൃക എല്ലാ വിദ്യാർഥികൾക്കും പ്രചോദനമാകട്ടേയെന്ന് അധ്യാപകരും ജീവനക്കാരും പി ടി എ യും നിശ്ചയിക്കുകയായിരുന്നു. രക്ത ദാനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രിൻസിപ്പൽ എൻ കെ സുരേഷ് കുമാർ വിശദീകരിച്ചു. വിദ്യാർഥികളുടെ കരഘോഷങ്ങൾക്കിടെ പി ടി എ പ്രസിഡന്റ് എ ടി ഷബീർ അലി പൊന്നാട അണിയിച്ച് മുഹമ്മദ് സാബിറിനെ ആദരിച്ചു.

കുട്ടികളിൽ രക്ത ദാനത്തോടുള്ള ഭീതിയും ആശങ്കയും അകറ്റുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് സി ബി നിഷ പറഞ്ഞു. വ ഡി സന്ദീപ്, ഷാഹുൽ ഹമീദ് സഗീർ, ജാബിർ എന്നിവരും പ്രസംഗിച്ചു.

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു