കനത്ത മഴയിൽ തൃശൂരിലെ പുന്നയൂർ പഞ്ചായത്ത് നിവാസികൾക്ക് ദുരിതം, വീടുകളിൽ വെള്ളം കയറി; പഞ്ചായത്ത് അധികൃതർ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയില്ലെന്നും ആരോപണം

Published : Jun 19, 2025, 01:22 PM ISTUpdated : Jun 19, 2025, 02:45 PM IST
rain issue

Synopsis

തൃശൂർ പുന്നയൂർ പഞ്ചായത്തിലെ കനത്ത മഴയിൽ 40 ഓളം വീടുകളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം.

തൃശൂര്‍: കനത്ത മഴയില്‍ പുന്നയൂര്‍ക്കുളത്തെ പുന്നയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അവിയൂര്‍ പനന്തറ എസ് സി കോളനിയില്‍ 40 ഓളം വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനോ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാനോ പഞ്ചായത്ത് തയാറായിട്ടില്ലെന്ന് കോളനി നിവാസികള്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകണമെങ്കില്‍ പത്ത് കിലോമീറ്റര്‍ അപ്പുറത്തുള്ള കടപ്പുറം പഞ്ചായത്തിലെ സര്‍ക്കാര്‍ ക്യാമ്പിലേക്ക് പോയിക്കൊള്ളാന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതായും ദുരിതബാധിതര്‍ ആരോപിച്ചു.

കിടപ്പ് രോഗികളും കുട്ടികളും കന്നുകാലികളും അടക്കം ഇത്രയും ദൂരത്തേക്ക് പേകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. പഞ്ചായത്തില്‍ തന്നെ നിരവധി സ്‌കൂളുകളും ഹാളുകളും സൗകര്യങ്ങളും ഉള്ളപ്പോള്‍ അവിടെയൊന്നും ക്യാമ്പ് ഒരുക്കാതെ തങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കോളനിവാസികള്‍ ആരോപിച്ചു. കിണറുകളിലും മറ്റും ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്. കൂടാതെ മോട്ടോര്‍ തകരാറിലായതിനാല്‍ ഇവിടേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങി. ദുരിതത്തിനിടയിലും പലരും ഭീമമായ തുക നല്കിയാണ് കുടിവെള്ളം പുറമെ നിന്ന് വാങ്ങുന്നത്. കുടിവെള്ളം ഒരുക്കാന്‍ പോലും പഞ്ചായത്ത് തയാറായില്ലെന്ന് കോളനിക്കാര്‍ പരാതിപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഈ ഭാഗത്ത് വെള്ളം കയറി തുടങ്ങിയത്.

കോളനി നിവാസികളായ തെക്കേകായില്‍ വത്സല, രമണി അമ്പലായില്‍, വാസു അമ്പലായില്‍, മോഹനന്‍ തൈവളപ്പില്‍, വെട്ടേക്കാട്ട് ചന്ദ്രന്‍, തെക്കേകായില്‍ റുഖിയ, തെക്കേകായില്‍ ജലീല്‍, അമ്പലായില്‍ ലക്ഷ്മി, തെട്ടേക്കാട്ട് വള്ളി, മുരളി അവിയൂര്‍, മാങ്ങാടി ലീല തുടങ്ങി നാൽപതോളം വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. പല കുടുംബങ്ങളും ബന്ധുക്കളുടെയും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറി. കോളനിവാസിയായ വെട്ടേക്കാട്ട് വള്ളി കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളക്കെട്ട് മൂലം ബലിയിടാന്‍ പോലും കുടുംബത്തിന് കഴിയുന്നില്ല. ഇതിന് മുന്‍പ് കഴിഞ്ഞ പ്രളയത്തിലാണ് ഈ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയത്. അതേ സമയം സര്‍ക്കാരിന്റെ ദുരിതാശ്വാസ താമസ കേന്ദ്രം കടപ്പുറം പഞ്ചായത്തില്‍ വിപുലമായ സൗകര്യത്തോടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ പറഞ്ഞു.

പുന്നയൂര്‍, കടപ്പുറം, ഒരുമനയൂര്‍ എന്നീ പഞ്ചായത്തുകള്‍ക്കും ചാവക്കാട് നഗരസഭയ്ക്കും വേണ്ടി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള കെട്ടിടമാണിത്.അവിടേക്ക് പോകാനുള്ള യാത്രാ സൗകര്യം അടക്കം നല്കാമെന്ന് പറഞ്ഞിട്ടും കോളനിവാസികള്‍ പോകാന്‍ തയാറായില്ല. മഴ തുടങ്ങിയതോടെ പഞ്ചായത്ത് യോഗം ചേര്‍ന്ന് പഞ്ചായത്തില്‍ തന്നെ ദുരിതാശ്വാസ ക്യാമ്പിനുള്ള സര്‍ക്കാര്‍ അനുമതി തേടിയെങ്കിലും കടപ്പുറത്ത് സര്‍ക്കാരിന്റെ ദുരിതാശ്വസ ക്യാമ്പ് ഉള്ളതിനാല്‍ പഞ്ചയത്തില്‍ ക്യാമ്പിന് അനുമതി ലഭിച്ചില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്