ആംബുലൻസ് സേവനം അനുവദിച്ചെങ്കിലും പാർക്കു ചെയ്യാൻ ഇടമില്ല; ജീവനക്കാർ ദുരിതത്തില്‍

By Web TeamFirst Published Feb 16, 2020, 4:05 PM IST
Highlights

മൂന്നാറില്‍ തീവെട്ടിക്കൊള്ള നടത്തുന്ന സ്വകാര്യ ആംബുലന്‍സുകളുടെ സര്‍വ്വീസുകള്‍ക്ക് നിര്‍ത്തുന്നതിനും സാധരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ മറ്റിടങ്ങളിലേക്ക് വിദ​ഗ്ധ ചികിത്സ ലഭിക്കുന്നതിനുമാണ് 108 ആംബുലന്‍സിന്റെ സേവനം ഏര്‍പ്പെടുത്തിയത്. 

ഇടുക്കി: മൂന്നാറിനായി സര്‍ക്കാര്‍ 108 ആംബുലന്‍സ് അനുവധിച്ചെങ്കിലും നിര്‍ത്തിയിടാന്‍ ഇടമില്ലാത്തത് തിരിച്ചടിയാവുന്നു. പാർക്കിങ്ങിന് സ്ഥലമില്ലാത്തതിനാൽ നിലവില്‍ മൂന്നാര്‍ ടൗണിലെ ജീപ്പ് സ്റ്റാന്റിലാണ് ആംബുലന്‍സ് നിര്‍ത്തിയിടുന്നത്. വാഹനം നിര്‍ത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം കണ്ടെത്തുവാന്‍ കഴിയാതെ വന്നതോടെ നാട്ടുകാരാണ് ആംബുലന്‍സ് നിർത്തിയിടാൻ ഇടം കാണ്ടെത്തിയത്.

എന്നാല്‍, ടൗണിലെ പാര്‍ക്കിങ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മൂന്നാറിലെ ഏറ്റവും തിരക്കേറിയ‍ ഭാഗത്തു നിര്‍ത്തിയിടുന്ന വാഹനം അടിയന്തിര സാഹചര്യങ്ങളില്‍ ഗതാഗതക്കുരുക്കില്‍പ്പെടുവാനുള്ള സാധ്യതയും ഏറെയാണ്. പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്നതുമൂലം വനിതാ ജീവനക്കാർക്കുൾപ്പടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയുന്നില്ല. ഇരുവശങ്ങളിലും ഓട്ടോറിക്ഷ, ജീപ്പ്  സ്റ്റാന്‍ഡുകൾ ഉള്ളതിനാൽ കാല്‍നടയും ദുസ്സഹമാകുകയാണ്.

Read More: 'കനിവി'ന്‍റെ കരുതല്‍; വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ്

ട്രാഫിക്ക് കുരുക്കൊഴിവാക്കി മറ്റിടം കണ്ടെത്താന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്നാറില്‍ തീവെട്ടിക്കൊള്ള നടത്തുന്ന സ്വകാര്യ ആംബുലന്‍സുകളുടെ സര്‍വ്വീസുകള്‍ക്ക് നിര്‍ത്തുന്നതിനും സാധരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ മറ്റിടങ്ങളിലേക്ക് വിദ​ഗ്ധ ചികിത്സ ലഭിക്കുന്നതിനുമാണ് 108 ആംബുലന്‍സിന്റെ സേവനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ പോലും അധിക്യതര്‍ സ്ഥലം ഒരുക്കാത്തത് നിരവധി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

Read More: സംസ്ഥാനത്ത് 112ല്‍ ബന്ധപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ 108 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാകും

click me!