
തൃശൂർ: കുട്ടിക്കാലം തൊട്ട് വണ്ടികളെ പ്രണയിച്ച ഒരു പെൺകുട്ടി. അവൾ വലുതായപ്പോൾ പൊതുവെ കുട്ടികൾ കാണുന്ന സ്വപ്നമോ ജോലിയോ അല്ല കണ്ടതും ആഗ്രഹിച്ചതും. പി ജി പഠനത്തോടൊപ്പം ബസിലെ കണ്ടക്ടർ പണിയും ചെയ്യുകയാണ് തൃശൂർ സ്വദേശിനി അനന്തലക്ഷ്മി.
കൊടുങ്ങല്ലൂർ - ഗുരുവായൂർ റുട്ടിലോടുന്ന രാമ പ്രിയ ബസിലാണ് എംകോം വിദ്യാർത്ഥിനി അനന്തലക്ഷ്മി കണ്ടക്ടറായി ജോലി ചെയ്യുന്നത്. അച്ഛൻ ഷൈൻ ഓടിക്കുന്ന ബസിലെ കണ്ടക്ടറാണ് അനന്തലക്ഷ്മി.
ചെറുപ്പം മുതൽ അനന്തലക്ഷ്മിക്ക് ബസുകളോട് വലിയ പ്രണയമായിരുന്നു. തന്റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ആദ്യം ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തത്. ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ടും ധരിച്ച് കണ്ടക്ടർ ജോലിയിലേക്ക് മാറി.
പഠിത്തത്തിൽ മിടുക്കിയായ അനന്തലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി കൊണ്ട് പോകുന്നത്. ഡ്രൈവർ ലൈസൻസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്തലക്ഷ്മിയുടെ ആഗ്രഹം. നഗരസഭ കൗൺസിലർ ധന്യ ഷൈനാണ് അമ്മ. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരികളാണ്. സ്വന്തം കാലിൽ നിന്ന് കാര്യങ്ങളെല്ലാം അനന്തലക്ഷ്മി നോക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് ഷൈൻ പറഞ്ഞു. ഷൈനിന്‍റെ ഉടമസ്ഥതയിലുള്ള ബസാണ് രാമ പ്രിയ.
സ്വപ്നങ്ങൾക്ക് നിറം പകർന്ന് കണ്ടക്ടറായ അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam