മയിലുകള്‍ പറക്കും തൃശൂരില്‍ നിന്ന് പുത്തൂരിലേക്ക്; പിന്നാലെയെത്തും സിംഹം, ഹിമാലയന്‍ കരടി, ജിറാഫ്, സീബ്ര...

Published : Oct 01, 2023, 11:42 AM ISTUpdated : Oct 01, 2023, 11:52 AM IST
മയിലുകള്‍ പറക്കും തൃശൂരില്‍ നിന്ന് പുത്തൂരിലേക്ക്; പിന്നാലെയെത്തും സിംഹം, ഹിമാലയന്‍ കരടി, ജിറാഫ്, സീബ്ര...

Synopsis

മയിലുകളെ ആറ് മന്ത്രിമാര്‍ ചേര്‍ന്ന് സ്വീകരിക്കും. വിദേശത്തു നിന്നും ജിറാഫ്, സീബ്ര, ആഫ്രിക്കാന്‍ മാന്‍, അനാക്കോണ്ട എന്നിവയെ എത്തിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്

തൃശൂര്‍: പക്ഷിമൃഗാദികളെ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നാളെ മുതല്‍ മാറ്റും. ഒന്നാം ഘട്ടത്തില്‍ പക്ഷികളെ മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. നാളെ ദേശീയ പക്ഷിയായ മയിലിനെയാണ് മാറ്റുക. തുടര്‍ന്ന് വിവിധ ഇനത്തില്‍പ്പെട്ട തത്തകള്‍, ജലപക്ഷികള്‍ തുടങ്ങിയവയടക്കം കുറച്ച് പക്ഷികളെ കൊണ്ടുവന്ന്  പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങുന്നത് സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തും. അതിനുശേഷമാണ് കൂടുതല്‍ പക്ഷികളെ ഇങ്ങോട്ട് മാറ്റുക. ബോണറ്റ് ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ ഒരു ബാച്ചിനെയും നെയ്യാര്‍ ഡാമില്‍ നിന്നുള്ള ചീങ്കണ്ണികളെയും കൊണ്ടുവരും.

നവംബര്‍ തുടക്കത്തില്‍ തന്നെ മാനുകളെ മാറ്റുന്ന നടപടികള്‍ തുടങ്ങും. മാറ്റുന്ന പക്ഷികളും മൃഗങ്ങളും പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിച്ചേരുന്നതിനൊപ്പം ജീവനക്കാരുടെ മൃഗസംരക്ഷണം സംബന്ധിച്ച പരിശീലന നിലവാരവും വിലയിരുത്തും. തൃശൂരില്‍ നിന്നും മ്യഗങ്ങളെ മാറ്റാന്‍ ആറു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ മൃഗങ്ങളെ മാറ്റുന്ന നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

മൃഗങ്ങളെ നല്‍കുന്നതിന് തയ്യാറായി മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്തില്‍ നിന്നും സിംഹം, ഹിമാചല്‍ പ്രദേശില്‍ നിന്ന് ഹിമാലയന്‍ കരടി, മഹാരാഷ്ട്രയില്‍ നിന്ന് മറ്റു ചില മൃഗങ്ങള്‍ എന്നിവയെ ഇവിടേക്ക് എത്തിക്കാനുള്ള നടപടികളും വനം വകുപ്പ് സ്വീകരിച്ച് വരുന്നുണ്ട്.

കൂടാതെ തിരുവനന്തപുരത്ത് നിന്നും നാല് കാട്ടുപോത്തുകളെ കൊണ്ടുവരാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. വിദേശത്തു നിന്നും ജിറാഫ്, സീബ്ര, ആഫ്രിക്കാന്‍ മാന്‍, അനാക്കോണ്ട എന്നിവയെ ഇവിടേക്ക് എത്തിക്കാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. ഇവയും എത്തുന്നതോടെ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ കഴിയും. ഈ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് 2024ല്‍ തന്നെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

മയിലുകള്‍ പറക്കും തൃശൂരില്‍ നിന്ന് പുത്തൂരിലേക്ക്

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് തൃശൂര്‍ മൃഗശാലയില്‍ നിന്നും മൂന്ന് മയിലുകളെ നാളെ മാറ്റും. ഒരു ആണ്‍മയിലിനെയും രണ്ട് പെണ്‍മയിലുകളെയുമാണ് മാറ്റുന്നത്. സംസ്ഥാനതല വനം വന്യജീവി വാരഘോഷത്തോട് അനുബന്ധിച്ചാണ് മൃഗങ്ങളെ മാറ്റാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് തൃശൂര്‍ മൃഗശാലയില്‍ നിന്നും മയിലുകളെ പുത്തൂരിലെ തുറന്ന കൂട്ടിലേക്ക് കൊണ്ടുപോകുന്നത്.

തൃശൂര്‍ മൃഗശാലയില്‍ ആകെയുള്ള ഏഴു മയിലുകളില്‍ നിന്നാണ് മൂന്നെണ്ണത്തിനെ പുത്തൂരിലെത്തിക്കുക. ഇതിനായി പുത്തൂര്‍ മൃഗശാലയിലെ ജീവനക്കാര്‍, അനിമല്‍ ക്യാച്ചര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം തൃശൂര്‍ മൃഗശാലയിലെത്തും.

ഒക്ടോബര്‍ രണ്ടിന് രാവിലെ ഏഴേ കാലിന് ഇവയെ പിടികൂടുന്ന ദൗത്യം തുടങ്ങുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. തൃശൂരിലെ മൃഗശാലയില്‍നിന്നും പിടികൂടിയാല്‍ ഉടനെ ഇവയെ പ്രത്യേകമായി സജ്ജീകരിച്ച കൂട്ടിലേക്ക് മാറ്റും. മൂന്നു മയിലുകളെയും കയറ്റിയ കൂടുകളുമായി വനംവകുപ്പിന്റെ വാഹനത്തില്‍ കയറ്റി അതീവ ജാഗ്രതയോടെയാണ് പുത്തൂരിലേക്ക് മാറ്റുന്നത്. മയിലുകള്‍ പ്രകോപിതരാകാതിരിക്കാനും ഭയപ്പെടാതിരിക്കാനുമായി പുറംകാഴ്ചകള്‍ മറച്ച് മൂടിക്കെട്ടിയ വാഹനത്തിലാണ് കൊണ്ടുപോകുക.

മയിലുകളെ കൊണ്ടുപോകുന്ന വാഹനത്തിന് 30 കിലോമീറ്റര്‍ സ്പീഡ് മാത്രമേ പാടുള്ളൂ. അമിത വേഗത്തില്‍ പോയാല്‍ മയിലുകള്‍ ഭയപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് വേഗത കുറയ്ക്കുന്നത്. നാളെ രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയില്‍ തൃശൂരില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മയിലുകളുമായി എത്തിച്ചേരാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തുറന്ന കൂട്ടിലേക്ക് മൂന്നു മയിലുകളെയും തുറന്നുവിടും.

മയിലുകള്‍ക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും തുറന്ന കൂട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ മൃഗശാലയില്‍ നിന്നും പുത്തൂരിലേക്ക് മാറ്റുന്ന മയിലുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ആവാസ വ്യവസ്ഥ മാറുന്നതിന്റെ പ്രശ്‌നങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ഏതാനും ദിവസത്തേക്ക് നിരീക്ഷിക്കുകയും ചെയ്യും.

മയിലുകളെ സ്വീകരിക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും

സംസ്ഥാനതല വനം വന്യജീവി വാരാഘോഷത്തില്‍ ജില്ലയിലെ മൂന്ന് മന്ത്രിമാരും വനം, മൃഗശാല, വൈദ്യുത വകുപ്പ് മന്ത്രിമാരുമടക്കം ആറു മന്ത്രിമാര്‍ പങ്കെടുക്കും. തൃശൂരില്‍ നിന്നെത്തുന്ന മയിലുകളെ മന്ത്രിമാര്‍ ചേര്‍ന്ന് സ്വീകരിക്കും. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയിലുകളെ തുറന്ന കൂട്ടിലേക്ക് പറത്തിവിടുക. 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം